ബ്രെക്‌സിറ്റ്; വിദേശകാര്യ സെക്രട്ടറിയും ബ്രെക്‌സിറ്റ് സെക്രട്ടറിയും രാജിവെച്ചു; ബ്രിട്ടീഷ് പ്രതിസന്ധി കരാറില്ലാത്ത ബ്രെക്‌സിറ്റിനു കാരണമാകുമെന്ന് ഇയു ആശങ്ക

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടിയായി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് എന്നിവരുടെ അപ്രതീക്ഷിത രാജി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനായി തയ്യാറാക്കിയ പദ്ധതിയില്‍ മേയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെത്തുടര്‍ന്നാണ് ബോറിസ് ജോണ്‍സണും ഡേവിഡ് ഡേവിസും രാജിവെച്ചത്. കരാറുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നാരോപിച്ച് ഞായറാഴ്ച രാത്രിയാണ് ഡേവിഡ് ഡേവിസ് രാജി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബോറിസ് ജോണ്‍സണും രാജി തീരുമാനമറിയിച്ചു.

ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയനോട് ആഭിമുഖ്യം പുലര്‍ത്തുന്ന കരാറാണ് മേയ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആരോപണം. ഇരുവരുടെയും രാജി മേയ് സ്വീകരിച്ചിട്ടുണ്ട്. ഭവനവകുപ്പ് സഹമന്ത്രി ഡൊമിനിക് റാബ് പുതിയ ബ്രെക്‌സിറ്റ് സെക്രട്ടറിയാകുമെന്നും പുതിയ വിദേശകാര്യ സെക്രട്ടറിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോയതിനുശേഷം യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധമെങ്ങനെയെന്ന് നിര്‍ദേശിക്കുന്ന ‘പോസ്റ്റ് ബ്രെക്‌സിറ്റ്’ കരാറില്‍ വിയോജിച്ച് 24-മണിക്കൂറിനുള്ളില്‍ രാജിവെക്കുന്ന മൂന്നാം ബ്രിട്ടീഷ് മന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍. ബോറിസ് ജോണ്‍സണും ഡേവിസിനും മുന്‍പ് ബ്രെക്‌സിറ്റ് സഹമന്ത്രി സ്റ്റീവ് ബേക്കറും രാജിവെച്ചിരുന്നു.

ബ്രെക്‌സിറ്റിന് ശേഷവും വീണ്ടും പലതരത്തില്‍ യൂണിയനെ ആശ്രയിക്കുന്നതും കൂടുതല്‍ അധികാരങ്ങള്‍ ബ്രിട്ടന് ലഭിക്കുന്നെന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നതുമാണ് ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്‍-യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തെക്കുറിച്ചുള്ള മേയുടെ കരാറെന്ന് ഡേവിസ് ആരോപിച്ചു. വെള്ളിയാഴ്ച ഈ കരാര്‍ ബ്രിട്ടീഷ് മന്ത്രിസഭ അംഗീകരിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍നിന്ന് ബ്രിട്ടനെ പ്രതിരോധിക്കാന്‍ തന്റെ രാജി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡേവിസ് പറഞ്ഞു. നിര്‍ണായക സമയത്ത് ഡേവിസിന്റെ രാജി പ്രഖ്യാപനം ബ്രെക്‌സിറ്റ് പ്രഖ്യാപിക്കാന്‍ മേയ്ക്ക് കഴിവില്ലെന്നതാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു.

ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു ഡേവിഡ് ഡേവിസും വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് ബോറിസ് ജോണ്‍സനും രാജിവച്ചതോടെ ബ്രിട്ടനില്‍ മന്ത്രിസഭാ പ്രതിസന്ധി രൂക്ഷമായി. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുന്ന സ്ഥിതിയുണ്ടാകാന്‍ ഇതു കാരണമാകുമെന്നാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന്റെ ആശങ്ക. കഴിഞ്ഞ നാലു മാസത്തിനിടെ ഒരു തവണ മാത്രമാണ് ബ്രിട്ടീഷ് ബ്രെക്‌സിറ്റ് സെക്രട്ടറി യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തെത്തിയിട്ടുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ യൂറോപ്യന്‍ ഉപദേഷ്ടാവ് ഓലി റോബിന്‍സിന്റെ മുഖമാണ് ഇവിടങ്ങളില്‍ കൂടുതല്‍ പരിചിതം.

ബ്രിട്ടീഷ് മന്ത്രിമാരുടെ രാജിയെക്കാളുപരി, ബ്രെക്‌സിറ്റ് തന്നെയാണ് യൂറോപ്യന്‍ യൂണിയനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് പറഞ്ഞു. രാഷ്ട്രീയക്കാര്‍ വരും പോകും. പക്ഷേ, അവരുണ്ടാക്കി വച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ശേഷിക്കും. ബ്രെക്‌സിറ്റ് കാരണമുണ്ടായ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതില്‍നിന്ന് വളരെ അകലെയാണെന്നും ടസ്‌ക് പറഞ്ഞു.

ഡികെ

Share this news

Leave a Reply

%d bloggers like this: