ബ്രെക്‌സിറ്റ്; ബ്രിട്ടന്റെ വിടവാങ്ങല്‍ സമയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേ

 

യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വേര്‍പെടുന്ന തീയതി പ്രഖ്യാപിച്ചു. 2019 മാര്‍ച്ച് 29ന് ബ്രിട്ടീഷ് സമയം രാത്രി 11ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതാവും. യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ ബില്ലില്‍ തിയതി എഴുതിച്ചേര്‍ക്കുമെന്നു ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് അറിയിച്ചു.

പിന്‍വാങ്ങല്‍ തീയതി രേഖപ്പെടുത്തിയ ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വയ്ക്കും. ബ്രെക്‌സിറ്റ് തീരുമാനം അന്തിമമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തീരുമാനം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി തെരേസാ മേ ഡെയിലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. ബില്ലില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ഭേദഗതികള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ തടസപ്പെടുത്താനുള്ള നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ബ്രെക്‌സിറ്റിനായുള്ള ചര്‍ച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. നഷ്ടപരിഹാരത്തുക ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ ബ്രിട്ടന് രണ്ടാഴ്ചത്തെ സമയം നല്കുകയാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം യൂറോപ്യന്‍ യൂണിയന് ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയര്‍ അറിയിച്ചു.

2016 ജൂണിലെ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കു മുന്‍തൂക്കം കിട്ടിയതിനെത്തുടര്‍ന്നാണ് 28 അംഗ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വെട്ടിമുറിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ലിസ്ബണ്‍ ഉടമ്പടിയിലെ 50-ാംവകുപ്പു പ്രകാരമാണ് ബന്ധവിച്ഛേദന നടപടികള്‍ക്കു തുടക്കംകുറിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: