ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറില്‍ നടന്ന മൂന്നാമത്തെ വോട്ടെടുപ്പില്‍ നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടിയായി. രണ്ടു തവണ വോട്ടിനിട്ട് പരാജയപ്പെട്ട കരാറിന് ഇക്കുറിയും എം പിമാരുടെ ഭുരിപക്ഷം ലഭിക്കില്ലെന്ന് തെരേസാ മേയ് തന്നെ വ്യക്തമാക്കിയിരുന്നു.
കരാറിന്റെ നിയന്ത്രണം ലഭിച്ചതോടെ ബ്രക്സിറ്റ് നടപ്പാക്കുന്നതിന് പാര്‍ലമെന്റ് ബദല്‍ പരിപാടികള്‍ കൊണ്ടുവരും.

കരാറില്ലാതെ ഏപ്രില്‍ 12നും കരാറോടെ മേയ് 22നുമാണ് ബ്രിട്ടന് യുറോപ്യന്‍ യൂണിയന്‍ വിടാനുള്ള നിലവിലെ കാലപരിധി. അതേസമയം ബ്രെക്‌സിറ്റ് നടപടികള്‍ക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ വന്‍ റാലി നടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ റാലിയെന്ന് വിശേഷിപ്പിക്കാവുന്ന റാലിയാണ് ശനിയാഴ്ച സെന്‍ട്രല്‍ ലണ്ടനില്‍ അരങ്ങേറിയത്. റാലിയില്‍ പത്തു ലക്ഷത്തിലധികംപേര്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പീപ്പിള്‍സ് വോട്ട് ക്യാംപയിന്റെ ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിവിധ സംഘടനകളും അണിചേര്‍ന്നു. തങ്ങള്‍ ഇയുവിനെ ഇഷ്ടപ്പെടുന്നു എന്ന പ്ലക്കാര്‍ഡുകളും യൂറോപ്യന്‍ യൂണിയന്റെ പതാകയും വഹിച്ചായിരുന്നു ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്.

ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ലണ്ടനില്‍ റാലി അരങ്ങേറിയത്. ഇറാഖ് യുദ്ധത്തിനെതിരെ 2003ല്‍ സംഘടിപ്പിച്ച റാലിയേക്കാള്‍ വലുതായിരുന്നു ബ്രെക്‌സിറ്റ് വിരുദ്ധ റാലിയെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: