ബ്രെക്‌സിറ്റ് നടപ്പാക്കന്‍ കൂടുതല്‍ സമയം ചോദിച്ച് ബോറിസ് ജോണ്‍സണ്‍; അയര്‍ലന്‍ഡുകളുടെ അതിര്‍ത്തിയില്‍ വ്യക്തത വരുത്തണമെന്ന് യു കെ യോട് യൂറോപ്പ്യന്‍ യൂണിയന്‍

ലണ്ടന്‍: ഒക്ടോബര്‍ 31ഓടെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബോറിസ്, മറ്റുവഴികള്‍ അടഞ്ഞതോടെ യൂണിയനോട് സമയം നീട്ടിച്ചോദിച്ചു. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ സുപ്രീം കോടതിയില്‍ നിന്നും പ്രതികൂല വിധി പുറത്തുവന്നതോടെ ബോറിസിന് മുന്‍പില്‍ മറ്റു വഴികളില്ല. യുകെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. സ്‌കോട്ടിഷ് കോടതിയില്‍ നല്‍കിയ രേഖകളിലാണ് സര്‍ക്കാര്‍ സമയം നീട്ടി നല്കണമെന്ന കാര്യം വ്യക്തമാക്കിയത്.

യൂറോപ്യന്‍ യൂണിയനോട് ബ്രെക്‌സിറ്റ് തീയതി ജനുവരി 31-ലേക്ക് നീട്ടാനാവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച നിയമം പാസാക്കിയിരുന്നു. ബോറിസ് ജോണ്‍സന്‍ പുതിയതായി മുന്നോട്ടുവച്ച ബ്രെക്‌സിറ്റ് കരാറിലെ വ്യവസ്ഥകള്‍ തൃപ്തികരമല്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അറിയിച്ചുകഴിഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡും അയര്‍ലാന്‍ഡ് റിപ്പബ്ലിക്കും തമ്മിലുള്ള അതിര്‍ത്തിയില്‍ എന്തുനിയമമാണ് വരികയെന്നത് കരാറില്‍ വ്യക്തമാക്കുന്നില്ലെന്നും ടസ്‌ക് ചൂണ്ടിക്കാട്ടി.

പുതിയ കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ യൂറോപ്യന്‍ ഉപദേശകന്‍ ഡേവിഡ് ഫ്രോസ് ഇയു നേതാക്കളുമായി അടുത്തവട്ട ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് ടസ്‌കിന്റെ അഭിപ്രായ പ്രകടനം. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ കസ്റ്റംസ് പരിശോധന ഒഴിവാക്കുമെന്ന നിര്‍ദേശമുള്‍പ്പെടുത്തി ബോറിസ് ബുധനാഴ്ച പുതിയ പദ്ധതി മുന്നോട്ടുവെച്ചത് വിമത ടോറി എംപിമാര്‍ക്കും ഒരു പറ്റം ലേബര്‍ എംപിമാര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന സൂചനകളും ഇന്നലെ പുറത്ത് വന്നിരുന്നു. ബോറിസിന്റെ പുതിയ പ്ലാനിനെ നിയമമാക്കാന്‍ പിന്തുണ നല്‍കി 30 ലേബര്‍ എംപിമാരെങ്കിലും രംഗത്തെത്തിയത് നോ ഡീല്‍ സാധ്യത മാറിയെന്ന സൂചനകളായിരുന്നു നല്കിയത്.

എന്നാല്‍ ഇതിനിടെ സമയം നീട്ടി ചോദിച്ചതോടെ വീണ്ടും ബ്രക്‌സിറ്റ് നീളുമെന്ന പ്രതീക്ഷയും ഉണ്ടാക്കിയിട്ടുണ്ട്. അതായത് ഇനി ബ്രെക്‌സിറ്റ് നടപ്പാകുകയാണെങ്കില്‍ അത് ഇ യു വുമായുള്ള കരാറോടെ ആയിരിക്കുമെന്നാണ് സൂചന. എന്തായാലും ഹാര്‍ഡ് ബ്രെക്‌സിറ്റ് എന്ന നടപടിയില്‍ നിന്നും ബോറിസ് ജോണ്‍സണ്‍ പിന്മാറിയാല്‍ അയര്‍ലന്‍ഡിന് മേലുള്ള ബ്രെക്‌സിറ്റ് പ്രതിസന്ധിയും കുറഞ്ഞേക്കും.

Share this news

Leave a Reply

%d bloggers like this: