ബ്രെക്‌സിറ്റ് കരാര്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് നിര്‍ണ്ണായക വോട്ടെടുപ്പ്

ബ്രിട്ടന്റെ ഭാവിയില്‍ അതി നിര്‍ണായകമായ ബ്രക്സിറ്റിന്റെ വിധി നിര്‍ണയിക്കുന്ന ദിനമാണ് ഇന്ന്. ബ്രക്സിറ്റിനായി പ്രധാനമന്ത്രി തെരേസ മേ കൊണ്ടുവന്ന കരാര്‍ അവസാന നിമിഷ നീക്കങ്ങളിലൂടെ തള്ളുമോ കൊള്ളുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് യുകെ ജനതയും യൂറോപ്പും. വോട്ടെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് നീട്ടിവച്ച കരാറിനാണ് ഇന്ന് വിധി നിര്‍ണയിക്കുക. ടോറി വിമതരും ലേബറും കൈകോര്‍ത്തു കൊണ്ട് കരാറിനെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. വിമതഭീഷണിയാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. പ്രധാനമന്ത്രി തെരേസ മേക്ക് വെല്ലുവിളി ഉയര്‍ത്തി സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എം.പിമാര്‍ തന്നെ രംഗത്തുണ്ട്. 100ലധികം കണ്‍സര്‍വേറ്റീവ് എം.പിമാര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ബില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവായ ജെറമി കോര്‍ബിന്‍ ഒരു അവിശ്വസ പ്രമേയം മുന്നോട്ടു വെക്കുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പാണ് ലേബര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. ആഴ്ചകളായി തുടരുന്ന കുഴഞ്ഞുമറിഞ്ഞ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ അവിശ്വാസ പ്രമേയത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രമേയം അവതരിപ്പിക്കണമെന്നാണ് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

ചൊവ്വാഴ്ചത്തെ വോട്ടെടുപ്പില്‍ രാജ്യത്തിന്റെ ഭാവിയെ ഓര്‍ത്ത് തന്റെ ബ്രെക്‌സിറ്റ് കരാറിനെ അനുകൂലിക്കണമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് തിങ്കളാഴ്ച പാര്‍ലമെന്റംഗങ്ങളോട് ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ മൂന്നുദിവസത്തിനുള്ളില്‍ മേയ്ക്ക് പുതിയ കരാര്‍ കൊണ്ടുവരേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ 21-ന് വീണ്ടും ഹൗസ് ഓഫ് കോമണ്‍സില്‍ പുതിയ കരാറിന്മേല്‍ വീണ്ടും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പില്‍ കരാര്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെന്റ് സ്തംഭനാവസ്ഥയിലാകുമെന്നും ബ്രിട്ടീഷ് രാഷ്ട്രീയം കടുത്ത തിരിച്ചടിനേരിടുമെന്നും മേയ് മുന്നറിയിപ്പുനല്‍കി.

വടക്കന്‍ അയര്‍ലന്‍ഡ് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച ഉറപ്പുകളെ മേയ് സ്വാഗതംചെയ്തു. വടക്കന്‍ അയര്‍ലന്‍ഡിന്റെയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിന്റെയും അതിര്‍ത്തി പരിശോധനകളില്ലാതെ തുടരണമെന്ന കരാറിലെ വ്യവസ്ഥ (ബാക്സ്റ്റോപ്പ്) ഉപയോഗിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ബാക്സ്റ്റോപ്പ് നടപ്പിലാക്കിയാല്‍ത്തന്നെ അത് ചുരുങ്ങിയ കാലത്തേക്കായിരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: