ബ്രെക്‌സിറ്റ് കരട് കരാറിന് മന്ത്രിസഭയുടെ അംഗീകാരം: അയര്‍ലന്റിന് നേട്ടം; ബ്രിട്ടനില്‍ മന്ത്രിമാര്‍ രാജിവയ്ക്കുന്നു

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ബ്രെക്സ്റ്റ് കരാറുമായി മുന്നോട്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാരുടേയും ഇയു രാജ്യങ്ങളില്‍ താമസിക്കുന്ന യുകെ പൗരന്മാരുടേയും അവകാശങ്ങള്‍, 21 മാസത്തെ ട്രാന്‍സിഷന്‍ പീരിഡ്, 39 ബില്യണ്‍ പൗണ്ടിന്റെ ഡിവോഴ്സ് ബില്‍, യുകെയുടെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്റും റിപ്പബ്ലിക് ഓഫ് അയര്‍ലന്റും തമ്മിലുള്ള അതിര്‍ത്തി നിയന്ത്രണം ശക്തിപ്പെടുത്തല്‍ ഒഴിവാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ കരാറിലുണ്ട്. അതിര്‍ത്തി നിയന്ത്രണ പ്രശ്നം വലിയ വിവാദമായതാണ്. താന്‍ മുന്നോട്ട് വച്ച വ്യവസ്ഥകളാണ് രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നത് എന്നാണ് മേയുടെ അവകാശവാദം.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയാനുള്ള ബ്രെക്‌സിറ്റ് കരട് കരാറിന് ബ്രിട്ടീഷ് മന്ത്രിസഭയുടെ അം?ഗീകാരം ലഭിച്ചതിനു പിന്നാലെ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടിയായി മന്ത്രിമാരുടെ രാജി. അഞ്ചുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്ക് ഒടുവില്‍ മന്ത്രിസഭ ബ്രക്‌സിറ്റ് കരാറിന് അനുമതി നല്‍കിയെന്ന് തെരേസാ മേയ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രക്‌സിറ്റ് അനുബന്ധകാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിസഭാം?ഗം ഡൊമിനിക് റാബ് രാജിവച്ചത്. ഇതിനു പിന്നാലെ തൊഴില്‍-പെന്‍ഷന്‍ ചുമതലയുള്ള ഇസ്തര്‍ മക്വേയും രാജിവച്ചു. വടക്കന്‍ അയര്‍ലന്‍ഡ് മന്ത്രിയായ ഷൈലേഷ് വാറയും ജൂനിയര്‍ ബ്രെക്‌സിറ്റ് മന്ത്രി സുയെല്ല ബ്രേവര്‍മാന്‍ എന്നിവരും പ്രതിഷേധസൂചകമായി രാജിവച്ചു.

യൂറോപ്യന്‍ യൂണിയനുമായി ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഏര്‍പ്പെടുക എന്നതിന്റെ ബദലായി ബ്രെക്‌സിറ്റ് നടപ്പാക്കാതിരിക്കുക എന്നത് മാത്രമാണെന്ന് നിലപാട് പ്രഖ്യാപിച്ചാണ് തെരേസ മേ പാര്‍ലമെന്റില്‍ സംസാരിച്ചത്. ഒരു ഉടമ്പടി സ്ഥാപിക്കാനായാല്‍ രാജ്യത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും മുമ്പോട്ടു പോകുന്നതിന്റെ നിരവധി തടസ്സങ്ങള്‍ അത് നീക്കുമെന്നും മേ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപ്പാകുക.

ഒരു ഉടമ്പടിയുമില്ലാതെ പുറത്തുവരാനും, ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാക്കാനും സാധിക്കുമെന്നും എന്നാല്‍ സാധ്യമായ ഏറ്റവും മികച്ച ഉടമ്പടിക്കു വേണ്ടി ശ്രമിക്കുന്നതാണ് ശരിയായ വഴിയെന്നും മേ പറഞ്ഞു. ബ്രിട്ടീഷ് ജനത ഇത് ആഗ്രഹിക്കുന്നതായും അവര്‍ വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാറില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുന്ന സമയം വളരെ അടുത്തെത്തിയതായി മന്ത്രിസഭാ സമ്മേളനത്തിനിടെ മേയ് പ്രസ്താവിച്ചിരുന്നു. ബ്രിട്ടന്റെ അതിര്‍ത്തിയുടെയും നിയമത്തിന്റെയും പണത്തിന്റെയും നിയന്ത്രണം തങ്ങള്‍ക്ക് നല്‍കുന്നതും വ്യാപാരതൊഴില്‍ മേഖല സംരക്ഷിക്കുന്നതുമാണ് കരാറെന്നും മേയ് ആവര്‍ത്തിച്ചു.

എന്നാല്‍, പ്രധാനമന്ത്രിയുടെ ‘മൃദു ബ്രെക്‌സിറ്റ്’ നിലപാടിനോട് കടുത്ത വിയോജിപ്പുള്ള കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടിയിലെ ‘ദൃഢ ബ്രെക്‌സിറ്റ്’ ആശയക്കാര്‍ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ഈ ആശയസംഘര്‍ഷം ഏറ്റവും കടുത്തതാണെന്നതിന് തെളിവായി മാറി രണ്ട് അംഗങ്ങളുടെ രാജി. മേയുടെ ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന് കീഴടങ്ങുന്ന ഒന്നാണെന്നും അംഗീകരിക്കാനാകില്ലെന്നും രാജിവെച്ച ബ്രെക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു.

ദൃഢ ബ്രെക്‌സിറ്റ് നിലപാടുള്ള എസ്തര്‍ മക്വേയാണ് രാജി വെച്ച മറ്റൊരു മന്ത്രി. പെന്‍ഷന്‍കാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മക്വേ. ‘ഒരു മോശം ഉടമ്പടിയെക്കാള്‍ ഒരു ഉടമ്പടിയും ഇല്ലാതിരിക്കലാണെന്ന നിലപാടില്‍ നിന്നും ഒരു ഉടമ്പടിയും ഇല്ലാത്തതിലും നല്ലത് എന്തെങ്കിലുമൊരു ഉടമ്പടി ഉണ്ടായിരിക്കലാണെന്ന നിലപാടിലേക്ക് നമ്മള്‍ വീണു’വെന്ന് അവര്‍ തന്റെ നിരാശ പ്രകടിപ്പിച്ചു.

പ്രതിപക്ഷ നേതാവ് ജെരെമി കോര്‍ബിന്‍ തെരേസ മേയുടെ ഉടമ്പടി നിര്‍ദ്ദേശങ്ങളെ വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്. മേ തന്റെ പാതിവെന്ത ഉടമ്പടിനിര്‍ദ്ദേശങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൂനിയര്‍ ബ്രെക്‌സിറ്റ് മന്ത്രിയായ സുവെല്ല ബ്രേവര്‍മാനും ജൂനിയര്‍ നോര്‍തേണ്‍ അയര്‍ലാന്‍ഡ് മന്ത്രിയായ ശൈലേഷ് വാരയും രാജി വെച്ചവരുടെ കൂട്ടത്തില്‍ പെടുന്നു.

നിലവില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ വ്യാപാരം നടക്കുന്ന ഐറിഷ് അതിര്‍ത്തിയെ ബ്രെക്സിറ്റാനന്തര കാലത്തും അതേപടി സംരക്ഷിക്കുക എന്ന ആലോചനയെ പിന്തുണയ്ക്കുന്നതായും ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ പ്രസ്താവിച്ചു. വടക്കന്‍ അയര്‍ലാന്‍ഡിനു വേണ്ടി ഒരു പ്രത്യേക ഉടമ്പടി ആവശ്യമാണെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ തുടക്കം മുതല്‍ എടുത്തു വരുന്നത്. എന്നാല്‍ ബ്രിട്ടനില്‍ നിന്നും വേറിട്ടൊരു നിയമനിര്‍വ്വഹണ മേഖലയായി അയര്‍ലന്‍ഡിനെ മാറ്റുക എന്ന നിര്‍ദ്ദേശത്തോട് തെരേസ മേ യോജിക്കുന്നില്ല.

ബ്രിട്ടനും കീഴിലുള്ള വടക്കന്‍ അയര്‍ലന്‍ഡിനും യൂറേപ്യന്‍ യൂണിയനു കീഴിലുള്ള ഐറിഷ് റിപ്പബ്ലിക്കിനുമിടയില്‍ അതിര്‍ വരമ്പുകള്‍ പണിയണോ എന്നതായിരുന്നു ബ്രെക്‌സിറ്റിലെ സുപ്രധാമായ തര്‍ക്കവിഷയം. നിലവില്‍ ഇവിടെ അതിര്‍ത്തിയില്ല. ജനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും യധേഷ്ടം സഞ്ചരിക്കാം. ചരക്ക് ഗതാഗതം കരവഴിയും കടര്‍വഴുയും സുഗമമായി നടത്താം. പ്രത്യേക നികുതിയോ കസ്റ്റംസ് പരിശോധനയോ ഇല്ല. എന്നാല്‍ ബ്രെക്‌സിറ്റുശേഷം ഇവിടെ ചെക്‌പോസ്റ്റുകള്‍ പണിയുകയാണെങ്കില്‍ അത് ഈ മേഖലയിലെ ജനജീവിതത്തെ കാര്യമായി ബാധിക്കും. ജോലി, വിദ്യാഭ്യാസം, തുടങ്ങിയവ പ്രതിസന്ധിയിലാവും. കര്‍ഷകരെയും കാര്യമായി ബാധിക്കും. അതിര്‍ത്തികളില്ലാതെ തന്നെ അയര്‍ലന്റ് നിലനില്‍ക്കണം എന്നാണ് ഐറിഷ് ജനതയുടെ ആവശ്യം.

പ്രശ്‌നപരിഹാരത്തിനായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ചത് അയര്‍ലന്‍ഡിനെ കസ്റ്റംസ് യൂണിയനില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള ബാക്‌സ്റ്റോപ്പ് കരാറാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബ്രിട്ടന്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ കരാര്‍ അനുസരിച്ച് മൃദു ബ്രെക്‌സിറ്റിലൂടെ വടക്കന്‍ ഐയര്‍ലന്‍ിനുമാത്രമുള്ള പ്രത്യേക പരിഗണന ബ്രിട്ടന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതിന് പരിഹാരമായി തെരേസാ മെയ് രണ്ട് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ച്ത് ഒന്നുകില്‍ ട്രാന്‍സിഷന്‍ കാലയളവ് കൂട്ടുക, അല്ലെങ്കില്‍ വടക്കന്‍ ഐയര്‍ലന്‍ഡിനെ മാത്രമല്ല ബ്രിട്ടനെ ഒന്നാകെ ട്രാന്‍സിഷന്‍ കാലയളവ് കഴിയുന്നതുവരെ ബാക്‌റ്റോപ്പ് കരാറിര്‍ കൊണ്ടുവരിക എന്നതാണ്. ഇ.യു ഇത് അംഗീകരിച്ചില്ല. ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് വടക്കന്‍ ഐയര്‍ലന്‍ഡിനെയും ചേര്‍ത്തുപിടിച്ച് ഒറ്റയ്ക്ക് നില്‍ക്കാനാണ് ഒടുവിലത്തെ തീരുമാനം.അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റിക് പാര്‍ട്ടിയുടെ സ്വാധീവും തെരേസാ മേയുടെ തീരുമാനത്തിനുപിന്നിലുണ്ട്. തേരേസാ മെയെ അധികാരത്തിലെത്തിച്ചതില്‍ ഡി.യു.പി മുഖ്യപങ്കുവഹിച്ചിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: