ബ്രെക്‌സിറ്റ്: കടുംപിടുത്തം വിട്ട് ഇ യു; ബ്രിട്ടനെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാന്‍ സമ്മതിച്ചേക്കും

ബ്രക്സിറ്റിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ കടുംപിടുത്തം വിടുന്നു. തന്റെ ചെക്കേഴ്സ് ബ്രക്സിറ്റ് പദ്ധതിക്ക് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ തേടി തെരേസ മേ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതുപ്രകാരം സ്വതന്ത്ര സഞ്ചാരം അനുവദിച്ചില്ലെങ്കില്‍ പോലും വ്യാപാരത്തിനായി സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാന്‍ യുകെയെ അനുവദിക്കുന്ന കാര്യത്തില്‍ യൂണിയന്‍ അനുകൂല നിലപാടിലേക്ക് നീങ്ങുകയാണ്.

ബ്രിട്ടന് അവരുടെ അതിര്‍ത്തികളുടെ നിയന്ത്രണം കൈമാറുമ്പോള്‍ തന്നെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാന്‍ ഇയു അനുവദിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ തെരേസ മേ സര്‍ക്കാരിന്റെ വലിയ ബ്രക്സിറ്റ് വിജയമായി ഇത് മാറും. ഒപ്പം സര്‍ക്കാരിന്റെ മേലുള്ള ഭീഷണിയും ഒഴിവാകും. യാതൊരു കരാറുമില്ലാതെ ബ്രിട്ടന്‍ ഇറങ്ങിപ്പോന്നേക്കുമെന്ന ആശങ്കള്‍ക്കിടെയാണ് പുതിയ വാര്‍ത്ത.

ഇയു മുഖ്യ ബ്രക്സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയറിന്റെ മുന്‍കാല നിലപാടുകളില്‍ നിന്നും വ്യക്തമായ ചുവടുമാറ്റമാണ് ഇതോടെ നടപ്പാകുന്നത്. യുകെയ്ക്ക് ഈ സൗകര്യം നല്‍കുന്നതിന് ബ്രസല്‍സ് വയ്ക്കുന്ന ഉപാധി എന്തെന്ന് വ്യക്തമല്ല. ഇയു വ്യാപാര നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ തന്നെ മറ്റുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിടുതലാണ് തെരേസ മേയുടെ പദ്ധതി. എന്നാല്‍ ഇയു എന്‍വയോണ്‍മെന്റ്, സോഷ്യല്‍, കസ്റ്റംസ് നിയമങ്ങള്‍ ബ്രിട്ടന്‍ അതേപടി പ്രാവര്‍ത്തികമാക്കണമെന്നാണ് യൂണിയന്റെ താല്‍പര്യം. അടുത്ത മാസം ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ അംഗരാജ്യങ്ങളുടെ മേധാവികള്‍ യോഗം ചേരുമ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് പ്രതീക്ഷ.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: