ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയർലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകൾ അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബ്രെക്സിറ്റിന് ശേഷം അയർലണ്ടും യുകെയും തമ്മിൽ വേർതിരിക്കുന്ന നോർത്തേൺ അയർലന്റിലെ ൩൧൦ മൈൽ അതിർത്തി സംബന്ധിച്ച ചർച്ചകൾ ബ്രെക്സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ദിവസവും ഈ അതിർത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലവിൽ ഇയു സിംഗിൾ മാർക്കറ്റിന്റെ ഭാഗമായതിനാൽ ഇത് പ്രത്യേക പരിശോധനകൾക്കും വിധേയമാകാറില്ല. എന്നാൽ ബ്രെക്സിറ്റ്‌ നടപ്പാകുന്നതോടെ ഈ പ്രവർത്തനങ്ങൾക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാർഡ് ബോർഡർ ബ്രെക്സിറ്റിനെ പലരും എതിർക്കുന്നത്.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്സ് പ്ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല.

അതേസമയം ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്സ് പ്ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു.

ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: