ബ്രെക്‌സിറ്റ് അനിശ്ചിതത്വം വിശാല അയര്‍ലന്‍ഡ് സഖ്യത്തിന് വഴിമാറുമോ?

ഡബ്ലിന്‍: തെരേസയുടെ ബ്രെക്‌സിറ്റ് പ്രമേയങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ അയര്‍ലന്‍ഡുകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടിന് മേ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് അയര്‍ലന്‍ഡുകളുടെ ലയനത്തിന് വഴിവെച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വടക്കിന്റെ പിന്തുണ കുറഞ്ഞ് വരുന്നത് യുണൈറ്റഡ് അയര്‍ലണ്ടിലേക്കുള്ള ചുവടുമാറ്റത്തെ തുടര്‍ന്ന് ആണോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ സിന്‍ ഫിന്‍ പാര്‍ട്ടി അയര്‍ലന്‍ഡുകളുടെ ഏകീകരണത്തെ പിന്തുണയ്ക്കുന്നുണ്ട്. വടക്കന്‍ അയര്‍ലണ്ടിനെ സ്വയം ഭരണം നിലനിര്‍ത്തിക്കൊണ്ട് തന്നെ തെക്കിന്റെ ഭാഗമാകുന്ന രാഷ്ട്രീയ നീക്കത്തിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതായാണ് വാര്‍ത്തകള്‍. തെരേസ മേ പ്രഖ്യാപിച്ച ബ്രെക്‌സിറ്റ് സോഫ്റ്റ് ബോര്‍ഡര്‍ പദ്ധതി പ്രായോഗിക തലത്തില്‍ വടക്ക്-തെക്കന്‍ ബന്ധങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യവും നിലവിലുണ്ട്.

ബ്രിട്ടനെ വിശ്വസിച്ച് കൂടെ നിന്ന വടക്കന്‍ അയര്‍ലണ്ടിനെ ഇപ്പോള്‍ ഇ.യുവിന്റേയും യു.കെയുടെയും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബ്രിട്ടന്‍ ബ്രെക്‌സിറ്റ് ഹിതപരിശോധന പൂര്‍ത്തിയാക്കിയ കാലം തൊട്ട് വടക്കന്‍ അയര്‍ലണ്ടിനെ യൂണിയന്റെ ഭാഗമാകാന്‍ ഇ.യു ക്ഷണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വടക്കിനെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതില്‍ തെരേസ മേ വിജയം കണ്ടിരുന്നു. വടക്കിനെ കൂടെ നിര്‍ത്തിക്കൊണ്ട് ബ്രെക്‌സിറ്റ് നടപ്പാക്കുകയായിരുന്നു തെരേസയും ലക്ഷ്യം. എന്നാല്‍ ബ്രെക്‌സിറ്റ് പ്രമേയങ്ങള്‍ നിരന്തരമായി പരാജയപ്പെടുന്ന പശ്ചാത്തലത്തില്‍ വടക്കന്‍ അയര്‍ലണ്ടിന് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് തെരേസ മേ മൗനം പാലിക്കുകയാണ്.

ബ്രെക്‌സിറ്റ് ശുഭപര്യവസാനിക്കുമെന്ന് വിശ്വസിച്ച വടക്കിന് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടതോടെ ഡി.യു.പി തെരേസക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചിരുന്നു. ബ്രിട്ടനും തെക്കന്‍ അയര്‍ലണ്ടിനും ഇടക്ക് നില്‍ക്കുന്ന പ്രദേശമായതിനാല്‍ വടക്കന്‍ അയര്‍ലണ്ടിന് ഏതെങ്കിലും ഒരു സഖ്യത്തിനോടൊപ്പം നില്‍ക്കേണ്ടി വരും. യു.കെയില്‍ അനിശ്ചിതത്വം തുടര്‍ന്നുപോകുന്ന സാഹചര്യത്തില്‍ തെക്കന്‍ വടക്കന്‍ അയര്‍ലന്‍ഡുകളുടെ ലയനത്തിന് സാധ്യത ഏറുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: