ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായി

ലണ്ടന്‍: ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന പതിനായിരങ്ങള്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായി. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി. കരാറില്ലാതെയെങ്കില്‍ ഏപ്രില്‍ 12 വരെയും അതിനകം കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ മേയ് 22 വരെയുമാണ് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടിക്കൊടുത്തിട്ടുള്ളത്.

രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്തപ്പെടുന്നു. ഹൈഡ് പാര്‍ക്കില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ വെസ്റ്റ്മിനിസ്റ്റര്‍ വരെ റാലി നടത്തി. അവിടെ സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കൊള സ്റ്റേര്‍ജിയന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ഉപനേതാവ് ടോം വാട്‌സന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. 2016 ജൂണ്‍ 23ന് നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 1.74 കോടി (52%) അനുകൂലമായും 1.61 കോടി (48%) എതിര്‍ത്തും വോട്ട് ചെയ്തിരുന്നു.

യൂറോപ്യന്‍ യൂണിയന് അനുകൂല നിലപാടുള്ളവര്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ റാലിയില്‍ 7 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം പ്രധാനമന്ത്രി തെരേസ മേ നിരസിച്ചിരുന്നു. ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. ഹിതപരിശോധനയില്‍ അനുകൂല നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുകയാണ്.

Share this news

Leave a Reply

%d bloggers like this: