ബ്രെക്‌സിറ്റിനെതിരെ ലണ്ടനില്‍ പ്രതിഷേധം ആളിക്കത്തുന്നു

ലണ്ടന്‍: മറ്റൊരു ഹിത പരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധം പടര്‍ന്നു പിടിക്കുന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആന്റി ബ്രെക്‌സിറ്റ് ക്യാമ്പയിനിങ്ങിന് ഇന്ന് തുടക്കമാവും. ബ്രിട്ടന്റെ യൂണിയന്‍ പിന്മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം # people vote എന്ന ക്യാംപെയ്നിങ്ങിന് തുടക്കമിടുകയായിരുന്നു.

ഇതിനോടകം നിരവധി ബ്രിട്ടീഷ് യുവാക്കള്‍ ബ്രെക്‌സിറ്റിനെതിരെ തിരിഞ്ഞത് ബ്രിട്ടനില്‍ മറ്റൊരു പ്രതിസന്ധിക്ക് തുടക്കം കുറിക്കുകയാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് യു.കെയെ വന്‍ ആശയക്കുഴപ്പത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്നത് ഉള്‍പ്പെടെ ബ്രെക്‌സിറ്റ് ഉയര്‍ത്തുന്ന ഭീഷണി ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാന്‍ പോന്നതാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനോരോഗ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രെക്‌സിറ്റ് നിലവില്‍ വരുന്നതോടെ യൂണിയന്‍ രാജ്യങ്ങളിലെ ആളുകളുമായി വിവാഹബന്ധം നിലനിര്‍ത്താന്‍ കഴിയില്ലെന്ന ആശങ്ക ബ്രിട്ടീഷുകാര്‍ക്കിടയില്‍ പ്രബലമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പുതിയ മാനസികാരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചിരുന്നു. തൊഴില്‍-വിദ്യാഭ്യാസ മേഖലയിലും യു.കെയിലുള്ളവര്‍ക്ക് ഉണ്ടാക്കാവുന്ന നഷ്ടം ചെറുതല്ലെന്ന് ഇവിടുത്തെ ജനത കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ തിരിച്ചറിഞ്ഞുവെന്നാണ് വിവിധ സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ യു.കെ ജനത ബ്രെക്‌സിറ്റിനെ അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ പുതിയ ഹിതപരിശോധന വേണമെന്ന വാദം ശക്തമാവുകയാണ്. ലേബര്‍ പാര്‍ട്ടിയിലെ ചില അംഗങ്ങളും ബ്രെക്‌സിറ്റ് വിരുദ്ധ ക്യാംപെയ്നിങ്ങിനോട് വിധേയത്വം പുലര്‍ത്തുന്നവരാണ്. യൂണിയനില്‍ നിന്നുള്ള പിന്മാറ്റത്തില്‍ അയര്‍ലന്‍ഡുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം ബ്രിട്ടീഷുകാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് കടന്നുവരുന്നത് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം വഷളാക്കാനാണ് സാധ്യത. ഇതും പ്രതിഷേധത്തിന് മറ്റൊരു കാരണമായി മാറുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: