ബ്രെക്സിറ്റ്: വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ ജനപ്രീതി കൂടുതല്‍ ബോറിസ് ജോണ്‍സണ്‍ തന്നെ

ബ്രെക്സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ പ്രക്ഷുബ്ധമായ ദിനങ്ങളാണ് കടന്നുപോകുന്നതെങ്കിലും ജനപിന്തുണയില്‍ ഇപ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് മുന്നിലെന്ന് അഭിപ്രായ സര്‍വ്വേ. ‘ഒപിനിയം / ഒബ്സര്‍വര്‍’ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ടോറികളുടെ ജനപിന്തുണ കഴിഞ്ഞ ആഴ്ച്ചയില്‍ നിന്നും രണ്ടു ശതമാനം വര്‍ദ്ധിച്ച് 37%ത്തില്‍ എത്തി. ലേബര്‍ പാര്‍ട്ടിക്കുള്ള പിന്തുണ മാറ്റമില്ലാതെ 25% ആയി തുടരുകയാണ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 16%വും ബ്രെക്‌സിറ്റ് പാര്‍ട്ടിയ്ക്ക് 13% പിന്തുണയാണ് നിലവില്‍ ലഭിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ജോണ്‍സണ്‍ പാര്‍ലമെന്റ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതിനും, ആ തിരുമാനം നിയമവിരുദ്ധമാണെന്ന് സ്‌കോട്ടിഷ് ജഡ്ജിമാര്‍ വിധിച്ചതിനും ശേഷമാണ് സര്‍വ്വേ നടത്തിയത്. എന്നിട്ടും ടോറികള്‍ക്കുള്ള ജനപിന്തുണയില്‍ യാതൊരു ഇടിവും സംഭവിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 55% പേരും ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ലേബര്‍പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ ഏകദേശം അഞ്ചിലൊന്നും (19%) ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. പാര്‍ട്ടികളോട് പരമ്പരാഗതമായി വെച്ചുപുലര്‍ത്തുന്ന പ്രതിപത്തിയേക്കാള്‍ ബ്രക്സിറ്റിനാണ് ജനങ്ങള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് എന്നതാണ് ഈ ഫലങ്ങള്‍ നല്‍കുന്ന സൂചന. ബ്രെക്സിറ്റിന്മേല്‍ ലേബര്‍പാര്‍ട്ടി സ്വീകരിക്കുന്ന യഥാര്‍ത്ഥ നയം എന്താണെന്ന് പലര്‍ക്കും വ്യക്തമായിട്ടില്ല. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കാകട്ടെ വ്യക്തമായ ഒരു നയവുമില്ല.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോമണ്‍സില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുവെങ്കിലും ജെറമി കോര്‍ബിനേക്കാള്‍ ബ്രെക്സിറ്റ് കൈകാര്യം ചെയ്യാന്‍ ജോണ്‍സണ് സാധിക്കുമെന്ന് ജനം വിശ്വസിക്കുന്നു.

Share this news

Leave a Reply

%d bloggers like this: