ബ്രെക്സിറ്റ് കരാറില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി തെരേസാ മേയ്; നീക്കം പാര്‍ലമെന്റില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍.

പാര്‍ലമെന്റില്‍ നടത്താനിരുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ ചിലരും എതിരായതോടെ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നടപടി. മിക്കവാറും ഇനി ക്രിസ്മസിനു മുന്പ് വോട്ടെടുപ്പ് ഉണ്ടാവാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കിയ ബ്രക്സിറ്റ് കരാറിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും വഴിയൊരുക്കി. നിലവിലെ കരാറിനെ പിന്തുണയ്ക്കില്ലെന്ന് ടോറി എംപിമാര്‍ തന്നെ തറപ്പിച്ച് പറഞ്ഞതോടെ പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റ് വഴികള്‍ അടഞ്ഞു. വോട്ടിംഗ് നടന്നിരുന്നു എങ്കില്‍ 200 വോട്ടിനെങ്കിലും കരാര്‍ തള്ളുമെന്ന സ്ഥിതി ആയിരുന്നു. ജനുവരി 21ന് ശേഷം മാത്രമാകും ഹൗസ് ഓഫ് കോമണ്‍സില്‍ ഇനി ബ്രക്സിറ്റ് കരാര്‍ അവതരിപ്പിക്കുക.

ഭരണപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ നൂറോളം എംപിമാര്‍ കരാറിനെതിരാണെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഉപദേശകരും മന്ത്രിമാരും പ്രധാനമന്ത്രിയോടു കൂറു പുലര്‍ത്തുന്ന എംപിമാരും വോട്ടെടുപ്പ് വൈകിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള തീരുമാനത്തെ ‘നിരാശാജനകമായ നടപടി’ എന്നാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വിശേഷിപ്പിച്ചത്

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിട്ടുപോരുന്നതു സംബന്ധിച്ച് ഇയുവുമായി തെരേസാ മേ ഒപ്പുവച്ച കരാര്‍ പാര്‍ലമെന്റ് പാസാക്കിയാലേ പ്രാബല്യത്തില്‍ വരൂ. ബ്രിട്ടന് കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്നു മേ പറഞ്ഞെങ്കിലും എംപിമാരെ വിശ്വസിപ്പിക്കാനായില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി ശ്രമിക്കാമെന്നാണ് മേയുടെ പുതിയ പ്രഖ്യാപനം. എന്നാല്‍ കരാറില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് തെരേസ മേ ബ്രസല്‍സിലേക്ക് വരേണ്ടെന്നാണ് ഇയു കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞത്. ഇയു തീരുമാനിച്ച എഗ്രിമെന്റിലെ ലീഗല്‍ ടെക്സ്റ്റില്‍ നിന്നും മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. കൂടാതെ മാര്‍ച്ച് മാസത്തോടെ യുകെയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ ഇയു നടത്തുമെന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടനു വേണമെങ്കില്‍ ബ്രെക്സിറ്റ് വേണ്ടെന്നു വയ്ക്കാമെന്നു നേരത്തെ യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേസമയം, ബ്രെക്സിറ്റ് കരാറില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്നു ഇയു വക്താവ് പറഞ്ഞു. കോടതിവിധി തങ്ങളുടെ നിലപാടിനെ സ്വാധീനിക്കില്ലെന്നു ഇയു വക്താവ് ആന്‍ഡ്രീവ പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ അടുത്തവര്‍ഷം മാര്‍ച്ച് 29നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം. ബ്രിട്ടനു കിട്ടാവുന്ന ഏറ്റവും നല്ല കരാറാണിത്. പുനരാലോചന സാധ്യമല്ലെന്നും ആന്‍ഡ്രീവ പറഞ്ഞു.

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: