ബ്രെക്സിറ്റ് കരാറില്‍ തെരേസാ മേയ്ക്ക് പാര്‍ലമെന്റില്‍ വീണ്ടും തിരിച്ചടി

ബ്രക്സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനുള്ള കരട് രേഖ പാര്‍ലമെന്റ് തള്ളിയതോടെ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രക്സിറ്റ് കരാറിന്മേല്‍ വിലപേശല്‍ നടത്തുന്നതിന് വീണ്ടും ബ്രസല്‍സില്‍ പോകുന്നതിനും യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച തുടരുന്നതിനും പിന്തുണ തേടിയാണ് പ്രധാനമന്ത്രി തെരേസ മേയ് അര്‍ലമെന്റില്‍ വോട്ടെടുപ്പ് എന്ന അഗ്നിപരീക്ഷ നേരിടാന്‍ വീണ്ടും തയ്യാറായത്. രേഖ തള്ളിയതോടെ പുതിയ കരാര്‍ ഉണ്ടാക്കണമെന്നാണ് പാര്‍ലമെന്റിന്റെ ഭൂരിപക്ഷാഭിപ്രായം. 258നെതിരെ 303 വോട്ടുകള്‍ക്കാണ് മേയുടെ ബ്രക്‌സിറ്റ് മോഹങ്ങള്‍ പൊലിഞ്ഞത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുതിയ ആനുകൂല്യങ്ങള്‍ നേടാനുള്ള അവകാശം ചോദിച്ച സര്‍ക്കാരിനെയാണ് എംപിമാര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പരാജയപ്പെടുത്തിയത്. യൂറോപ്പ് വിരുദ്ധരും, അനുകൂലികളും മേയെ കൈവിട്ടു. ഐറിഷ് ബാക്ക്‌സ്റ്റോപ്പില്‍ വിട്ടുവീഴ്ച നേടുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടാനാണ് തെരേസ മേ പാര്‍ലമെന്റിന്റെ അനുവാദം ചോദിച്ചത്.

നിലവിലെ കരാറില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ വേണ്ട എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. സ്വന്തം പാര്‍ട്ടിയിലെ എം.പിമാരുടെ പോലും പിന്തുണ നേടാന്‍ മേക്ക് ഇത്തവണയും സാധിച്ചില്ലെന്നാണ് പരാജയം. ബ്രക്‌സിറ്റ് തന്ത്രങ്ങള്‍ പാളിയെന്ന് തെരേസ മേ സമ്മതിക്കണമെന്നും പര്‍ലമെന്റിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്ന കരാറുമായേ ബ്രക്‌സിറ്റുമായി മുന്നോട്ട് പേകാന്‍ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബൈന്‍ പറഞ്ഞു.

വോട്ടെടുപ്പില്‍ തോറ്റെങ്കിലും 27ന് നടക്കുന്ന അടുത്ത വോട്ടെടുപ്പില്‍ പ്രതീക്ഷര്‍പ്പിച്ച് കാത്തിരിക്കാമെന്നാണ് മേയുടെ നിലപാട്. പാര്‍ലമെന്റിന്റെ അനുമതിയോടെ ബ്രസല്‍സിലെത്തി പിന്മാറ്റകരാറില്‍ മാറ്റങ്ങള്‍ നേടാനുള്ള ശ്രമമാണ് മേയ് നടത്തുന്നത്. അതിനെ ഏതുവിധേനയും തോല്‍പ്പിക്കാനുളള ശ്രമമാണ് ബ്രക്സിറ്റ് അനുകൂലികള്‍ നടത്തുന്നത്. വോട്ടെടുപ്പില്‍ എന്ത് തീരുമാനിക്കുന്നുവോ അതനുസരിച്ച് മുന്നോട്ടു പോവുന്നതിനാണ് ശ്രമിക്കുകയെന്ന് മേയുടെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരിയിലും ബ്രിട്ടിഷ് പാര്‍ലമെന്റ് ബ്രെക്സിറ്റ് കരാര്‍ തള്ളിയിരുന്നു. ജനുവരിയില്‍ 432 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 2016 ജൂണ്‍ 23നാണ് ബ്രിട്ടനില്‍ ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാന്‍ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ടു ചെയ്തു. 2017 മാര്‍ച്ച് 21 ന് തെരേസ മേ സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികള്‍ തുടങ്ങിയത്.

എന്നാല്‍ പാര്‍ലമെന്റിലെ തിരിച്ചടി നിയമപരമായി ബ്രക്സിറ്റുമായി മുന്നോട്ട് പോകുന്നതിന് മേക്ക് തടസ്സമാകില്ല എന്നാണ് വിലയിരുത്തല്‍. പുതുക്കിയ കരാറില്‍ തെരേസ മേക്ക് പാര്‍ലമെന്റില്‍ വിശ്വാസം നേടിയെടുക്കാന്‍ കഴിയണമെന്നു തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ആത്മവിശ്വാസം. ബ്രക്‌സിറ്റ് നടപ്പിലാകാന്‍ 41 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉണ്ടായ പുതിയ വഴിത്തിരിവ് വെളിവാക്കുന്നത് ഇതുവരെ ഉണ്ടാകാത്ത വിധം പാര്‍ലമെന്റില്‍ വിഭാഗീയത ഉണ്ടായിരിക്കുന്നു എന്നതാണ്. പാര്‍ലമെന്റ് പ്രതിസന്ധികളെ മേ എങ്ങനെ അതിജീവിച്ച് ബ്രക്‌സിറ്റ് എന്ന കടമ്പ കടക്കുമെന്നാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: