ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇനി പണം നല്‍കണം; സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വമില്ലാത്ത രാജ്യങ്ങളിലെ പൗരന്‍മാരില്‍ നിന്ന് 7 യൂറോ വീതം ഈടാക്കാന്‍ തീരുമാനം

സിംഗിള്‍ മാര്‍ക്കറ്റില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കേണ്ടി വരും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരില്‍ നിന്ന് ട്രാവല്‍ ഓതറൈസേഷന്‍ ഫീ ആയി 7 യൂറോ വീതം ഈടാക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിക്കുന്നു. യൂണിയന്‍ രാജ്യങ്ങളിലെ അതിര്‍ത്തി സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിശദീകരിക്കപ്പെടുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് യാത്രക്കാര്‍ക്കും ഈ ഫീസ് ബാധകമാകും. യൂറോപ്യന്‍ യൂണിയനില്‍ സ്വതന്ത്ര സഞ്ചാരത്തിന് അനുമതിയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഫീസ് നല്‍കേണ്ടി വരില്ല.

പുതിയ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ETIAS) അനുസരിച്ച് ഷെങ്കന്‍ ഏരിയയിലേക്ക് പ്രവേശിക്കുന്നവര്‍ യാത്രക്കു മുമ്പായി ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചു നല്‍കി ട്രാവല്‍ ഓതറൈസേഷന് വേണ്ടി അപേക്ഷിക്കണം. ഇതിനൊപ്പമാണ് ഫീസ് അടക്കേണ്ടത്. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഇന്റര്‍പോള്‍ ഡേറ്റാബേസുകളിലേക്കാണ് നല്‍കുന്നത്. എയര്‍ലൈനുകളും ഫെറി സര്‍വീസുകളും കോച്ച് ഓപ്പറേറ്റര്‍മാരും യാത്രക്കാരില്‍ ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതേസമയം യൂറോപ്പ് യാത്രക്ക് വിസ ആവശ്യമായ രാജ്യങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല.

ഇപ്പോള്‍ യൂറോപ്പില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ബ്രെക്സിറ്റിനു ശേഷം ഉണ്ടാവില്ലെന്ന് തെരേസ മേയ് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും തുടരില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. അതായത് യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയില്‍ ബ്രിട്ടീഷുകാര്‍ക്ക് ഇളവിനായി ചര്‍ച്ചകള്‍ക്ക് പോലും ഇടമില്ലാത്ത് സ്ഥിതിയാണ് ഉള്ളത്. പുതിയ സംവിധാനം യുകെയുടെ കാര്യത്തില്‍ എങ്ങനെ നടപ്പാക്കുമെന്നത് ഭാവി ബന്ധത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂ എന്ന് യൂറോപ്യന്‍ കമ്മീഷന്റെ ബ്രെക്സിറ്റ് മദ്ധ്യസ്ഥതാ വിഭാഗം വക്താവ് പറഞ്ഞു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: