ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം; ഐറിഷ് ദ്വീപില്‍ കസ്റ്റംസ് അതിര്‍ത്തി സ്ഥാപിക്കണമെന്ന നിലപാടില്‍ നിന്നും പിന്മാറി…

ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് തന്റെ പദ്ധതികളില്‍നിന്നും പൂര്‍ണ്ണമായും പിന്നോട്ടു പോയ ബോറിസ് ജോണ്‍സണ്‍ ഐറിഷ് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച പ്രതീക്ഷാവഹമായ രീതിയില്‍ മോന്നോട്ടു പോവുകയാണ്. ബ്രെക്‌സിറ്റിന്റെ ഭാവി എന്താകുമെന്ന് അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ അറിയാനാകും. ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഐറിഷ് ദ്വീപില്‍ കസ്റ്റംസ് അതിര്‍ത്തി സ്ഥാപിക്കണമെന്ന തന്റെ മുന്‍ നിലപാടില്‍ നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പുതിയ നീക്കത്തിന് ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വലതുപക്ഷ കണ്‍സര്‍വേറ്റീവുകളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പും പുറത്തിറക്കിയ പ്രസ്താവനകളില്‍ പറയുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കരാര്‍ നടപ്പിലാക്കാന്‍ കഴിയുമോ എന്ന സംശയത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലുമായും ചര്‍ച്ച നടത്താനിരിക്കുകയാണ് ജോണ്‍സണ്‍.

നിലവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റിക്കൊണ്ട് ഒരു കരാര്‍ തീര്‍ത്തും അസാധ്യമാണെന്ന് മെര്‍ക്കല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കരാറിലെ ഭിന്നത മറികടക്കാനുള്ള കഠിനശ്രമത്തിന്റെ ഭാഗമായാണ് ജോണ്‍സണ്‍ ഐറിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജോണ്‍സണ്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് യുകെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021-ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടുമെന്നും, എന്നാല്‍ കാര്‍ഷിക – കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല, പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും അത് നടത്തുക. കൂടാതെ, യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലു വര്‍ഷം കൂടുംതോറും അവര്‍ പാര്‍ലമെന്റങ്ങളുടെ അംഗീകാരം തേടുകയും വേണമെന്നും ഉണ്ടായിരുന്നു. അതിനോടാണ് ഐറിഷ് സര്‍ക്കാര്‍ എതിര്‍പ്പുന്നയിച്ചിരുന്നത്.

അതേസമയം, സമവായത്തിലെത്തിയാലും ഒക്ടോബര്‍ 31-നു തന്നെ ബ്രക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള വിശദവിവരങ്ങള്‍ തയ്യാറാക്കാന്‍ മതിയായ സമയം ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തന്റെ പുതിയ ആശയം നോര്‍ത്ത് അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയെ (ഡി.യു.പി) ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് ജോണ്‍സണ്‍ അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: