ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം; അതിജീവിച്ച് തെരേസ മേയ്; അനശ്ചിതത്വം തുടരുന്നു

ലണ്ടന്‍ : ബ്രക്സിറ്റ് ഡീലിന്റെ വോട്ടെടുപ്പ് മാറ്റിവച്ചതിന് പിന്നാലെ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ചു പ്രധാനമന്ത്രി തെരേസ മേ. തെരേസയുടെ ഭാവി തുലാസിലാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അവിശ്വാസ പ്രമേയത്തില്‍ 200 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 117 പേരാണ് തെരേസ്‌ക്കെതിരേ അവിശ്വാസം രേഖപ്പെടുത്തിയത്. ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിയായ തെരേസാ മോ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകാന്‍ നിരവധി വിട്ടുവീഴ്ചകള്‍ നടത്തിയെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള ആരോപണം.

അവിശ്വാസപ്രമേയം മറികടക്കാന്‍ 158 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. പ്രമേയത്തെ പരാജയപ്പെടുത്തിയതിനാല്‍ ഒരുവര്‍ഷം വരെ മേയ്ക്ക് അവിശ്വാസം നേരിടേണ്ടതില്ല സ്വന്തം പാര്‍ട്ടിയിലെ 48 എംപിമാരാണ് തെരേസയ്‌ക്കെതിരേ അവിശ്വാസപ്രമേയത്തിന് കത്തുനല്‍കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഉടമ്പടിയില്‍, വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധനയില്‍ അയവുവരുത്തുമെന്ന നിബന്ധനയെച്ചൊല്ലിയാണ് എംപിമാര്‍ വിമത നീക്കവുമായി രംഗത്തുവന്നത്.

തന്നെ മറിച്ചിടാനുള്ള നീക്കങ്ങളോട് നിശിതമായ വാക്കുകളുപയോഗിച്ച് താക്കീതിന്റെ ഭാഷയിലായിരുന്നു മേ പ്രതികരിച്ചത്. കണ്‍സര്‍വ്വേറ്റീവ് അംഗങ്ങളുടെ സഹായത്തോടെ താന്‍ പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വന്നാല്‍ പുതിയ പ്രധാനമന്ത്രിക്ക് സ്വാഭാവികമായും ‘ആര്‍ട്ടിക്കിള്‍ 50’ പ്രയോഗിച്ചത് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടതായി വരും. ഇത് ബ്രെക്സിറ്റ് വൈക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

അവിശ്വാസത്തെ അതിജീവിച്ചു എങ്കിലും അനിശ്ചിതത്വം ഒഴിഞ്ഞിട്ടില്ല. ബ്രക്സിറ്റ് ഡീലിന്റെ വോട്ടെടുപ്പ് പരാജയപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോഴും. സാഹചര്യം അനുകൂലമാക്കാന്‍ തെരേസ മേ ബ്രസല്‍സില്‍ എത്തിയിട്ടുണ്ട്. യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി ശ്രമിക്കാമെന്നാണ് മേയുടെ വാഗ്ദാനം.

സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കിയ ബ്രക്സിറ്റ് കരാറിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും വഴിയൊരുക്കിയിരുന്നു. നിലവിലെ കരാറിനെ പിന്തുണയ്ക്കില്ലെന്ന് എംപിമാര്‍ തന്നെ തറപ്പിച്ച് പറഞ്ഞതോടെ പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റ് വഴികള്‍ അടഞ്ഞു. വോട്ടിംഗ് നടന്നിരുന്നു എങ്കില്‍ 200 വോട്ടിനെങ്കിലും കരാര്‍ തള്ളുമെന്ന സ്ഥിതി ആയിരുന്നു. ജനുവരി 21ന് ശേഷം മാത്രമാകും ഇനി ബ്രക്സിറ്റ് കരാര്‍ അവതരിപ്പിക്കുക. അപ്പോഴും സ്ഥിതി മറിച്ചാകാനിടയില്ല.

ഏകീകൃത വിപണിയും കസ്റ്റംസ് യൂണിയനില്‍ നിന്നുള്ള പിന്മാറ്റവുമാണു ഇപ്പോഴും പ്രധാന തര്‍ക്കവിഷയമായി തുടരുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യൂറോപ്പ് നഷ്ടമാകാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ കര്‍ശനമായ നിബന്ധനകള്‍ക്കു വഴങ്ങാന്‍ പ്രധാനമന്ത്രി തയാറായതാണ് വിമതരെ ചൊടിപ്പിക്കുന്നത്. സഖ്യകക്ഷിയായ ഉത്തര അയര്‍ലന്‍ഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാണ് മെ മറ്റൊരു പ്രധാന വെല്ലുവിളി നേരിടുന്നത്. യു.കെയുടെ ഭാഗമായ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഐറിഷ് റിപ്പബ്ലിക്കും തമ്മിലുള്ള അതിര്‍ത്തിയില്‍ വരുന്ന മാറ്റങ്ങളാണ് തര്‍ക്കവിഷയം.

ഐറിഷ് ദ്വീപില്‍ ഏറെ രക്തച്ചൊരിച്ചിലുകള്‍ക്കിടയാക്കിയതാണ് ബ്രിട്ടണ് കരമാര്‍ഗമുള്ള ഈ ഏക അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ ഭാഗമെന്ന നിലയില്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമല്ല. അത് തുടരണമെന്ന ഇയുവിന്റെ താല്‍പര്യം തെരേസ മെ അംഗീകിരിച്ചതാണ് ഡിയുപിയെയും സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെയും ചൊടിപ്പിച്ചത്. ബ്രിട്ടന്റെ മറ്റുഭാഗങ്ങള്‍ യൂറോപ്യന്‍യൂണിയനില്‍ നിന്ന് പൂര്‍ണസ്വതന്ത്രമാകുമ്പോള്‍ ഉത്തരഅയര്‍ലന്‍ഡിന് തല്‍ക്കാലം ഇത് സാധ്യമാവില്ല. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന ഇക്കാര്യം അംഗീകരിക്കില്ലെന്ന് ഡിയുപി ആണയിടുന്നു. മെയുടെ കരാറിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്നുപോലും ഡിയുപി ഭീഷണിപ്പെടുത്തുന്നു.

കരട് കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടാനായില്ലെങ്കില്‍ ബ്രിട്ടിഷ് രാഷ്ട്രീയം വീണ്ടും അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങും. അവിശ്വാസ പ്രമേയത്തെ അതിജീവിച്ചത് മേയ്ക്ക് താത്കാലിക ആശ്വാസം നല്‍കുന്നുണ്ട്. തേരെസ മെ പിന്‍വാങ്ങിയാലും ബ്രെക്‌സിറ്റ് കുരുക്ക് അഴിയില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. ഇപ്പോള്‍ ഒപ്പിട്ട കരാറില്‍ മാറ്റമെന്നത് സാധ്യമല്ലെന്ന് യൂറോപ്പ് തറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. ബ്രെക്‌സിറ്റില്‍ മറ്റൊരു ജനഹിത പരിശോധനയ്ക്കാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. ഈ സങ്കീര്‍ണപ്രശ്‌നത്തിന് പരിഹാരം കാണുന്നതെങ്ങനെയെന്നറിയാന്‍ ലോകവും കാത്തിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: