ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപം ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനായ ഖാലിദ് മസൂദ് എന്നയാളണെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ വെടിവെച്ചുകൊന്നിരുന്നു. 52 വയസ്സുകള്ള മസൂദ്, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.തീവ്രവാദ സംഘങ്ങളുമായൊന്നും ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച കാര്‍ ബര്‍മിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍നിന്ന് വാടകയ്‌ക്കെടുത്തതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ഒരു ഐറിഷുകാരനുള്‍പ്പെടെ 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ കോളേജ് ജീവനക്കാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച ബ്രിട്ടീഷ് സമയം ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലെ ആള്‍ക്കൂട്ടത്തിനുനേരേ കാറോടിച്ചുകയറ്റിയ ഭീകരന്‍, പിന്നീട് പാര്‍ലമെന്റ് പരിസരത്തുകടന്ന് പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് വംശജനായ 52-കാരന്‍ ഖാലിദ് മസൂദാണ് ബ്രീട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനടത്തുണ്ടായ ഭീകരാക്രമണം നടത്തിയതെന്ന വിവരം പുറത്തു വന്നതോടെ വിശ്വസിക്കാനാവാതെ അയല്‍ക്കാര്‍. സ്വതവേ ശാന്തപ്രകൃതിയും കുടുംബസ്ഥനുമായ ഒരാളായാണ് ഖാലിദിനെ തങ്ങള്‍ കണ്ടിട്ടുള്ളത് എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. പാര്‍ലമെന്റിനടുത്ത് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ ജനങ്ങള്‍ നടക്കുന്നിടത്തേക്ക് അക്രമി വാഹനമോടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് ഒരു പോലീസുകാരനെ കുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ സ്‌കോട്ലാന്‍ഡ് യാര്‍ഡ് പോലീസ് ഇയാളെ ഉടന്‍ വെടിവച്ചു കൊന്നു. ഇയാളും പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ നാലു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

‘നമ്മള്‍ ഭയപ്പെടില്ല. നമ്മുടെ ജനാധിപത്യത്തെ നിശബ്ദമാക്കാനാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്’ എന്ന് പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അക്രമി ബ്രിട്ടീഷ് വംശജനണെന്ന് വ്യക്തമാക്കിയ തെരേസ മെയ്, ഏതാനും വര്‍ഷം മുമ്പ് തീവ്ര ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്ന ആളാണെന്നും വ്യക്തമാക്കി. അക്രമി ഒറ്റയ്ക്കായിരുന്നുവെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നുമാണ് പോലീസ് കരുതുന്നത്. അക്രമം നടത്തിയയാള്‍ ഇസ്ലാമിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു എന്നാണ് തങ്ങള്‍ക്ക് മനസിലായിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ നിന്നും ബിര്‍മിങ്ഹാമില്‍ നിന്നുമായി എട്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നു സ്ത്രീകള്‍ ഉള്ളതായും സൂചനയുണ്ട്. സമീപകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയിട്ടുള്ള ആക്രമണങ്ങള്‍ എല്ലാം 20-കളിലുള്ള ചെറുപ്പക്കാരെ ഉപയോഗിച്ചായിരുന്നു. അതുകൊണ്ടു തന്നെ 52-കാരനായ ഖാലിദ് ആക്രമണം നടത്തിയതിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.

അതേസമയം ഇസ്ലാമിക് സ്റ്റേറ്റുമായി ഇയാള്‍ക്ക് ദീര്‍ഘകാല ബന്ധം ഇല്ലെന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടുള്ള ഐഎസ് ന്റെ പ്രസ്താവനയില്‍ നിന്ന് മനസിലാകുന്നത് എന്നു ബ്രിട്ടീഷ് പോലീസ് പറയുന്നു. തങ്ങളുടെ ആഹ്വാനം ഏറ്റെടുത്ത സൈനികന്‍ എന്നാണ് ഐഎസ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറബിക്ക് പുറമേ, ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും ഐഎസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. തിരിച്ചടികള്‍ നേരിടുമ്പോഴും തങ്ങളുടെ സാന്നിധ്യം ബോധ്യപ്പെടുത്താനും വിവിധ യോറോപ്യന്‍ രാജ്യങ്ങളിലുള്ള അനുയായികളെ പ്രചോദിപ്പിക്കാനുമാണ് ഇതെന്നാണ് പോലീസ് കരുതുന്നത്.

ആക്രമണത്തിന്റെ നടുക്കത്തില്‍ നില്‍ക്കുന്ന ബ്രിട്ടന് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കുന്നതായി ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നി അറിയിച്ചു. ഇന്നലെ തെരേസ മേയുമായി കെന്നി ഫോണില്‍ സംസാരിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഐറിഷുകാരന്റെ നില ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: