ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം – അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാര്‍ സുരക്ഷിതര്‍; അക്രമി ഏഷ്യന്‍ വംശജനെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടീഷ് പാര്‍ലമെന്റിനടുത്ത് നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ലണ്ടനില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 020 8629 5950, 020 7632 3035 എന്നീ നമ്പറുകള്‍ കുറിച്ചുവെയ്ക്കണമെന്നും അവരാവശ്യപ്പെട്ടു. ഒപ്പം പാര്‍ലമെന്റ് സ്‌ക്വയറിലേക്ക് പോകുന്നതില്‍ നിന്നും ജനങ്ങളെ മന്ത്രി വിലക്കിയിട്ടുമുണ്ട്.

യു.കെയില്‍ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ലണ്ടനില്‍ നടന്ന ആക്രമണ ആഴത്തിലുള്ള ദു:ഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ബ്രിട്ടനൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ദു:ഖം അറിയിച്ചു.

വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടുണ്ട്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് ഫ്രഞ്ച് വിദ്യാര്‍ഥികളുമുണ്ട്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്ന് കരുതുന്ന കാര്‍ ഇടിച്ചു പരുക്കേറ്റ രണ്ട് വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്.

അതേസമയം, അക്രമി ഏഷ്യന്‍ വംശജനാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇസ്‌ലാമിക് ഭീകരവാദ’വുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബ്രസല്‍സില്‍ 52 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിനാണ് ലണ്ടനിലെ സംഭവം.

ഇന്നലെ വൈകിട്ട് 2.40നായിരുന്നു അക്രമങ്ങളുടെ തുടക്കം. അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരുകാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തുള്ള വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റി. പിന്നീട് കാറില്‍നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞ പൊലീസുകാരനെ ഇയാള്‍ കഠാരകൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. മറ്റൊരു പൊലീസുകാരനുനേരെ പാഞ്ഞടുത്ത അക്രമിയെ അദ്ദേഹം വെടിവച്ചുവീഴ്ത്തി. നാല് വെടിയൊച്ചകള്‍ കേട്ടതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നുണ്ട്.

സംഭവത്തെ തുടര്‍ന്നുണ്ടായ തിക്കലും തിരക്കിലുംപെട്ടും ചിലര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ ഭൂരിഭാഗം എംപിമാരും പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്നു. ഓഫീസിലുണ്ടായിരുന്ന പ്രധാനമന്ത്രി തെരേസ മേയെ ഉടന്‍ സുരക്ഷിതമായി ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഏറെനേരം അവിടെത്തന്നെ സുരക്ഷിതമായി സംരക്ഷിച്ചശേഷം നാലുമണിയോടെ കനത്ത സുരക്ഷാവലയത്തില്‍ പുറത്തിറക്കി.

എംപിമാര്‍ക്കുപുറമേ ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും ഈ സമയം പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ലണ്ടന്‍ നഗരത്തിലെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്രമിയോടൊപ്പം കൂടുതല്‍ പേരുണ്ടോ എന്നറിയാനും ഇയാളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.

സംഭവം നടന്നയുടന്‍ സമ്മേളനത്തിലായിരുന്ന ഹൗസ് ഓഫ് കോമണ്‍സിന്റെ നടപടികള്‍ നിര്‍ത്തിവച്ച ഡെപ്യൂട്ടി സ്പീക്കര്‍ അംഗങ്ങളോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചു. പാര്‍ലമെന്റിനു മുന്നിലൂടെയുള്ള റോഡുകളിലെ ഗതാഗതവും നിരോധിച്ചു. എംപിമാരും മന്ത്രിമാരും പാര്‍ലമെന്റിനുള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിന് കാവല്‍നിന്ന പൊലീസുകാരനെയാണ് അക്രമി കുത്തിയത്. ഉള്ളിലേക്ക് പാഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ഇത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: