ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലും മലയാളികള്‍ – ഇവര്‍ മലപ്പുറം, ഗുരുവായൂര്‍, കാസറഗോഡ് സ്വദേശികള്‍

ബ്രിട്ടീഷ് നേവി പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാനിയന്‍ കപ്പലിലും മൂന്ന് മലയാളികളുള്ളതായി വിവരം. മലപ്പുറം വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസറഗോഡ് സ്വദേശി പ്രദീഷ് എന്നിവരാണ് ബ്രിട്ടീഷ് സേന പിടിച്ചെടുത്ത കപ്പലിലുള്ളത്. ഗ്രേസ് 1ലെ ജൂനിയര്‍ ഓഫീസറായ അജ്മല്‍ വീട്ടുകാരുമായി ബന്ധപ്പെടുകയും താനടക്കം എല്ലാവരും സുരക്ഷിതരാണ് എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ കൂടുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കപ്പലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുമാമായി പങ്കുവയ്ക്കണം എന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് നല്‍കി.

ജൂലായ് ഒമ്പതിനാണ് ബ്രിട്ടീഷ് നേവി ഇവരുടെ കപ്പല്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് അജ്മല്‍ പറയുന്നത്. ലഭ്യമാകുന്ന വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി പങ്കുവച്ചാല്‍ കുടുംബാംഗങ്ങളെ വിവരം അറിയിക്കാന്‍ കഴിയും. കപ്പലില്‍ കുടുങ്ങിയവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സിറിയയിലേയ്ക്ക് എണ്ണയുമായി പോകുമ്പോളാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കിന് സമീപം ഇറാനിയന്‍ കപ്പല്‍ ബ്രിട്ടീഷ് റോയല്‍ നേവി പിടിച്ചെടുത്തത്.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതോടെ ബ്രിട്ടീഷ് സേന ഇറാന്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി കസ്റ്റഡിയില്‍ വയ്ക്കാനാണ് ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് കപ്പലായ സ്റ്റെന എംപറോ, ഇറാന്‍ സേന പിടിച്ചെടുത്തു. ഈ കപ്പലില്‍ 18 ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് പേര്‍ മലയാളികളാണ്. ഇവര്‍ എറണാകുളം സ്വദേശികളാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: