ബ്രിട്ടന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; എക്സിറ്റ് പോളില്‍ തെരേസ മെയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ലീഡ്

പ്രധാനമന്ത്രി തെരേസ മെയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. ജെറിമി കോര്‍ബിനാണ് ലേബര്‍ പാര്‍ട്ടി നേതാവ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ആക്രമണത്തിന് ഇരയാകേണ്ടി വന്നതിന്റെ വെളിച്ചത്തില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പോളിംഗിനായി ഒരുക്കിയിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ നടന്ന സര്‍വ്വേ പ്രകാരം 1.2 ശതമാനമാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ലീഡ്. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തുടക്കമിട്ടാണ് ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായി തെരേസ മെയ് ചുമതലയേല്‍ക്കുന്നത്. 2020 വരെ അധികാരത്തില്‍ തുടരാമെന്നിരിക്കെ അപ്രതീക്ഷിതമായാണ് ഏവരെയും ഞെട്ടിച്ച് തെരേസ മേയ് ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 650 അംഗ സഭയില്‍ ഭൂരിപക്ഷം നേടാന്‍ 326 സീറ്റുകളാണ് വേണ്ടത്. ബ്രെക്സിറ്റിനെ അനുകൂലിച്ച് ജനം വോട്ട് ചെയ്തപ്പോള്‍ ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞതോടെയാണ് തെരേസ അധികാരത്തിലേറിയത്. ഇപ്പോള്‍ പാര്‍ലമന്റെില്‍ നേരിയ ഭൂരിപക്ഷമാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്. ബ്രെക്സിറ്റ് നടപടികള്‍ക്ക് ടോറി എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതും മേയെ സംബന്ധിച്ച് അനിവാര്യമാണ്. ബ്രെക്സിറ്റ് തന്നെയാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന വിഷയവും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞതില്‍ പിന്നെ രണ്ടുപ്രാവശ്യം ബ്രിട്ടനില്‍ ഭീകരാക്രമണം ഉണ്ടായി. എന്നാല്‍ ഏതു വെല്ലുവിളികളെയും നേരിടാന്‍ സുസജ്ജമാക്കിയാണ് പ്രധാനമന്ത്രി തെരേസാ മേ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ക്രമീകരണം ഒരുക്കിയിരിയ്ക്കുന്നത്. മാഞ്ചസ്റ്ററില്‍ 22 പേരും ലണ്ടനില്‍ ഏഴുപേരുമാണ് ഭീകരാക്രമണത്തില്‍ മരിച്ചതെങ്കിലും രാജ്യം ഇപ്പോഴും ഭീതിയിലും ജനങ്ങള്‍ ഭയപ്പാടിലുമാണ് കഴിയുന്നത്.

ഇന്ന് രാത്രി പത്ത് വരെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കും. നാളെ രാത്രി വരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടും സാധുവായിരിക്കും. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വെള്ളിയാഴ്ച്ച ഉച്ചയോടെ ബ്രിട്ടനിലെ പുതിയ ഭരണാധികാരി ആരെന്ന് വ്യക്തമാകും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: