ബ്രിട്ടനില്‍ അപ്രതീക്ഷിത പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരേസ മേ

ബ്രക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ ബ്രിട്ടനില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ പ്രധാനമന്ത്രി തെരേസ മേ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് അവര്‍ രാജ്യത്തെ അറിയിക്കുകയായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരാനുള്ള സുപ്രധാന തീരുമാനത്തിന് ശേഷം പ്രതിപക്ഷ കക്ഷികളില്‍ നിന്ന് അടക്കം ശക്തമായ സമ്മര്‍ദം നിലനില്‍ക്കെയാണ് അവരുടെ ഈ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം അധോസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം ഇതിന് അംഗീകാരം കിട്ടാന്‍. പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയും തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിന് അനുകൂലമായതിനാല്‍ ഇതിന് ബുദ്ധിമുട്ടുണ്ടാവാനിടയില്ല.

തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനെ എതിര്‍ത്ത സ്വന്തം നിലപാടിനെ തിരുത്തുന്നതാണ് തെരേസ മേയുടെ ഇപ്പോഴത്തെ പ്രഖ്യാപനം. 2020 വരെ കാലാവധിയുണ്ടെന്നിരിക്കേ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കാബിനറ്റ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അവര്‍ പറഞ്ഞു. ബ്രക്‌സിറ്റ് ജനഹിത പരിശോധയ്ക്ക് ശേഷം ഉറച്ച ഭരണവും ശക്തമായ നേതൃത്വവും രാജ്യത്തിന് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

ജൂണ്‍ എട്ട്, വ്യാഴാഴ്ച പൊതുതിരഞ്ഞടുപ്പ് നടത്താന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കാലാവധി തീരുംമുമ്പ് തിരഞ്ഞെടുപ്പു നടത്താന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. പ്രതിപക്ഷ കക്ഷികള്‍ എല്ലാംതന്നെ തിരഞ്ഞടുപ്പിനെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ ബില്‍ പാസാകാന്‍ തടസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫാരനും സ്വാഗതം ചെയ്തു. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആഭ്യന്തര പ്രശ്‌നങ്ങളാല്‍ ക്ഷീണിച്ചുനില്‍ക്കുന്ന ഈ ഘട്ടത്തില്‍ തിരഞ്ഞടുപ്പു നടത്തിയാല്‍ കൂടുതല്‍ സീറ്റോടെ അധികാരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് തെരേസ മേയുടെ പ്രതീക്ഷ. എന്തായാലും ബ്രിട്ടന്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: