ബ്രിട്ടനില്‍ അടുത്തിടെ ഉണ്ടായതില്‍ ഏറ്റവും ഭീകരമായ വാഹനാപകടത്തില്‍ പൊലിഞ്ഞത് രണ്ട് മലയാളികളുള്‍പ്പെടെ എട്ട് ജീവനുകള്‍

ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ എം-1 മോട്ടോര്‍വേയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരും ഇന്ത്യക്കാര്‍. രണ്ട് മലയാളികളും ആറു തമിഴ്‌നാട്ടുകാരുമാണ് മരിച്ചത്. ചെറിയ വാനും രണ്ടു ട്രക്കുകളും കുട്ടിയിടിച്ചായിരുന്നു അപകടം. വാന്‍ ഉടമയും ഡ്രൈവറുമായ പാലാ ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി-51), വിപ്രോയിലെ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (28) എന്നിവരാണ് മരിച്ച മലയാളികള്‍. വിപ്രോയിലെ മറ്റ് മൂന്ന് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലുപേര്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സയിലാണ്. ഇവരാരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.

രക്ഷപ്പെട്ടവരില്‍ ഒരാള്‍ പത്തുവയസില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ പ്രാദേശികസമയം മൂന്നരയോടെയായിരുന്നു എം-1 മോട്ടോര്‍വേയില്‍ മില്‍ട്ടന്‍ കെയിന്‍സിനും ന്യൂപോര്‍ട്ട് പാഗ്‌നലിനും മധ്യേ രാജ്യത്തെ നടുക്കിയ വന്‍ ദുരന്തമുണ്ടായത്. മോട്ടോര്‍വേയുടെ സൗത്ത് ബൗണ്ട് കാര്യേജ് വേയില്‍ വച്ച് മിനി വാനും രണ്ടു ട്രക്കുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായി തേംസ് വാലി പൊലീസ് സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.

പതിനാറു വര്‍ഷമായി നോട്ടിങ്ങാമില്‍ താമസിക്കുന്ന ബെന്നി ‘എബിസി ട്രാവല്‍സ്’ എന്നപേരില്‍ എയര്‍പോര്‍ട്ട്, വിനോദയാത്ര സര്‍വീസ് നടത്തുകയാണ്. ബെന്നിയുടെ വാഹനം വാടകയ്‌ക്കെടുത്ത് നോട്ടിങ്ങാമില്‍നിന്നും ലണ്ടനിലേക്കു വരികയായിരുന്നു വിപ്രോ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും. നാട്ടില്‍നിന്നും അടുത്തിടെ ബ്രിട്ടനിലെത്തിയ ഇവരില്‍ ചിലരുടെ മാതാപിതാക്കളും സംഘത്തിലുണ്ടായിരുന്നു.

ലണ്ടനിലെത്തി വെബ്ലിയില്‍നിന്നും ‘സ്റ്റാര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്’ കമ്പനിവഴി അഞ്ചുദിവസത്തെ യൂറോപ്യന്‍ പര്യടനമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ബ്രിട്ടനില്‍ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ആയതിനാല്‍ മൂന്നുദിവസം അവധിയാണ്. ഇതു കണക്കിലെടുത്തായിരുന്നു സംഘത്തിന്റെ പരിപാടികള്‍.

നോട്ടിങ്ങാമിലെ മലയാളി കൂട്ടായ്മകളില്‍ എന്നും നിറസാന്നിധ്യമായിരുന്നു ബെന്നി എന്ന സിറിയക് ജോസഫ്. നോട്ടിങ്ങാം സിറ്റി ആശുപത്രിയില്‍ നഴ്‌സായ വെളിയന്നൂര്‍ സ്വദേശി ആന്‍സിയാണ് ബെന്നിയുടെ ഭാര്യ. കോളജ് വിദ്യാര്‍ഥിയായ ബെന്‍സണ്‍, ബെനീറ്റ എന്നിവര്‍ മക്കളാണ്. അടുത്തമാസം നാലാം തിയതി നാട്ടില്‍ പോകാനായി ടിക്കറ്റെടുത്ത് തയാറായിരിക്കുകയായിരുന്നു ബെന്നി. ഭാര്യയും മക്കളും ഏതാനും ദിവസം മുമ്പാണ് അവധികഴിഞ്ഞ് നാട്ടില്‍നിന്നും മടങ്ങിയെത്തിയത്.

പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കെഎസ്സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ബെന്നി യുകെയിലെത്തിയപ്പോള്‍ മുതല്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവമാണ്. പ്രവാസി കോരളാകോണ്‍ഗ്രസ് നോട്ടിങ്ങാംഷയര്‍ യൂണിറ്റിന്റെ പ്രസിഡന്റായ ബെന്നി മുന്‍പ് നോട്ടിങ്ങാം മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നോട്ടിങ്ങാമിലെ സീറോ മലബാര്‍ മാസ് സെന്ററിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. പള്ളിയിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് കൂടിയായ മലയാളി വൈദികനെ വൈകിട്ട് വിമാനത്താവളത്തില്‍നിന്നും പള്ളിയിലെത്തിച്ചശേഷമായിരുന്നു ബെന്നി വിപ്രോയിലെ ജീവനക്കാരോടൊപ്പം രാത്രി ലണ്ടനിലേക്ക് യാത്ര തിരിച്ചത്.

ബെന്നിയുടെ മൃതദേഹം വിട്ടുകിട്ടിയാലുടന്‍ നാട്ടിലെത്തിച്ച് സംസ്‌കാരിക്കാനാണ് തീരുമാനം. വിപ്രോ ജീവനക്കാരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ എംബസിയുടെ സഹായത്തോടെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വിപ്രോയുടെ ബ്രിട്ടനിലെ ഓപ്പറേറ്റിങ് തലവന്‍ രമേശ് ഫിലിപ്പ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു. അപകടത്തില്‍ പെട്ടവരുടെ വിശദാംശംങ്ങള്‍ പൊലീസിനു കൈമാറിയതായും മറ്റു നടപടിക്രമങ്ങള്‍ പൊലീസ് ബന്ധുക്കളെ നേരിട്ടറിയിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

ബെന്നിയുടെ വാഹനം അപകടത്തില്‍പെട്ടതറിഞ്ഞ് രാവിലെതന്നെ നോട്ടിങ്ങാമിലെയും മറ്റു സമീപപ്രദേശങ്ങളിലെയും മലയാളികള്‍ ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചെങ്കിലും അപകടത്തില്‍ മറ്റൊരു മലയാളി യുവാവുകൂടി മരിച്ച വിവരം വൈകുന്നേരത്തോടെയാണ് മലയാളി സമൂഹം അറിയുന്നത്. രാത്രി വൈകിയാണ് ഇക്കാര്യം സ്ഥിരീകരിക്കാനായതും.

ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ഋഷി രാജീവ് എന്ന യുവാവ് വര്‍ക്ക് പെര്‍മിറ്റ് വിസയില്‍ ഒരു പ്രോജക്ടിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയത്. മൂന്നുദിവസം അവധിയായതിനാല്‍ വിപ്രോയിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഋഷിയും യൂറോപ്യന്‍ പര്യടനത്തിനായി ചേരുകയായിരുന്നു.

സമീപകാലത്ത് ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ റോഡപകടമാണ് ഇന്നലെ എം-1ല്‍ ഉണ്ടായത്. രാത്രിയായിട്ടും മോട്ടോര്‍വേയിലെ ഗതാഗതം മണിക്കൂറുകള്‍ സ്തംഭിച്ചു. ട്രക്കുകള്‍ക്കിടയിളപെട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു മിനി വാന്‍. കോവന്‍ട്രി, നോട്ടിങ്ങാം, നോര്‍ത്താംപ്റ്റണ്‍, ബര്‍മിങ്ങാം എന്നിങ്ങനെ നാല് ആശുപത്രികളിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരുക്കേറ്റവവരുടെ ചികില്‍സയും.

 
ഡികെ

Share this news

Leave a Reply

%d bloggers like this: