ബ്രിട്ടനിലെ ഭരണകക്ഷിയായ ടോറികളുടെ പ്രകടനപത്രിക ഇന്നു പുറത്തിറക്കും; കുടിയേറ്റ നിയന്ത്രണം നിര്‍ണ്ണായകമാകും

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടോറികളുടെ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്നു പുറത്തിറക്കും. തീവ്രവലതുപക്ഷക്കാരായ ബ്രിട്ടിഷ് വോട്ടര്‍മാരെ കൂട്ടത്തോടെ ആകര്‍ഷിക്കാന്‍ ഉതകുന്ന കടുത്ത നിര്‍ദേശങ്ങളടങ്ങുന്നതാണ് ടോറി മാനിഫെസ്റ്റോ എന്നാണു പുറത്തുവരുന്ന സൂചനകള്‍. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന സൂചനയാണു പ്രധാനമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഒരാള്‍ക്ക് 2000 പൗണ്ട് വീതം പിഴ നല്‍കണമെന്നും കുടിയേറിയെത്തുന്നവര്‍ എന്‍എച്ച്എസില്‍ ചികില്‍സ തേടുമ്പോള്‍ ചികില്‍സാ ഫീസ് നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രകടനപത്രികയിലെ കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങള്‍. നിലവില്‍ കുടിയേറ്റക്കാരെ നിയമിക്കുന്നതിനു സ്ഥാപനങ്ങള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് 1000 പൗണ്ടാണ്. ഇതാണ് ഇരട്ടിയാക്കാന്‍ ടോറികള്‍ ഉദ്ദേശിക്കുന്നത്. ഇമിഗ്രേഷന്‍ ഹെല്‍ത് സര്‍ചാര്‍ജ് എന്ന പേരിലാകും കുടിയേറ്റക്കാരില്‍നിന്ന് ചികില്‍സയ്ക്കു പണം ഈടാക്കുക.

കുടിയേറ്റത്തിന്റെ കണക്ക് ലക്ഷങ്ങളില്‍നിന്നു പതിനായിരങ്ങളിലേക്കു കുറയ്ക്കുമെന്ന പ്രഖ്യാപനം ടോറികള്‍ പണ്ടേ പലവട്ടം നടത്തിയിട്ടുള്ളതാണ്. ഇതു യാഥാര്‍ധ്യമാക്കാനുള്ള കനത്ത നടപടികളിലൂടെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ യുക്കിപ്പിനു വോട്ടുചെയ്തിരുന്നവരെ കൂട്ടത്തോടെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്.

ഇതോടൊപ്പം പ്രായമായവരുടെ സോഷ്യല്‍ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും പ്രകടനപത്രികയില്‍ ഉണ്ടാകുമെന്നാണ് സൂചന. പെന്‍ഷന്‍കാര്‍ക്ക് എല്ലാവര്‍ക്കും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് കുറഞ്ഞ വരുമാനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സൗജന്യ ഉച്ചഭക്ഷണം നിര്‍ത്തലാക്കാനും നിര്‍ദേശമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇത്തരത്തില്‍ സൗജന്യങ്ങള്‍ക്കെതിരെയും കുടിയേറ്റത്തിനെതിരെയും യുദ്ധം പ്രഖ്യാപിച്ച്, ദേശീയ വികാരമുണര്‍ത്തി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് തെരേസ മേയുടെ നീക്കം. ഇതിനിടെ രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇന്നലെ തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന വ്യവസ്ഥകള്‍ നടപ്പിലാക്കണമോ എന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഹിതപരിശോധന നടത്തുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ പ്രധാന വാഗ്ദാനം. ഇതിലൂടെ ബ്രെക്‌സിറ്റ് നടപ്പിലാക്കണമോ എന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ഒരവസരംകൂടി നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം.

 
എ എം

Share this news

Leave a Reply

%d bloggers like this: