ബ്രിട്ടനിലെ ആശുപത്രിയില്‍ കോമയില്‍ ആയിരുന്ന ഇന്ത്യന്‍ യുവതിയോട് രാജ്യം വിട്ടുപോകാന്‍ ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദേശം; ക്രൂരമെന്ന് മാധ്യമങ്ങള്‍…

ലണ്ടന്‍: കുടല്‍ സംബന്ധമായ മാരകരോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ഭവാനി എസ്പതിയെന്ന യുവതിയോടാണ് വിസാകാലാവതി കഴിഞ്ഞതിനാല്‍ തിരികെപ്പോകാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടപടിയെ ക്രൂരവും അവിവേകവുമെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. കുടല്‍ജന്യ രോഗം മൂര്‍ച്ഛിച്ച് വലിയൊരു ശാസ്ത്രക്രിയക്ക് വിധേയയായി ഒന്നരയാഴ്ചയോളം കൊമയിലായിരുന്നു ഭവാനി. വിസാ കാലാവധി അവസാനിക്കാറായാതിനാല്‍ നേരത്തേതന്നെ അവര്‍ കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സെന്റ് മാര്‍ക്ക് ആശുപത്രിയില്‍ കോമയില്‍ കിടക്കുമ്പോഴാണ് അപേക്ഷ നിരസിച്ചുകൊണ്ടുള്ള മറുപടി വന്നത്. ഉടന്‍തന്നെ അവരുടെ ഭര്‍ത്താവ് ജര്‍മ്മന്‍ വംശജനായ മാര്‍ട്ടിന്‍ മാംഗ്ലര്‍ നടപടിക്കെതിരെ അപ്പീല്‍ നല്‍കി. ഇപ്പോള്‍ അബോധാവസ്ഥയിലാണെന്നും, ഈ അവസ്ഥയില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്. അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കിയ വിശദമായ കത്തും ഹാജരാക്കിയിരുന്നു.

എന്നാല്‍ യുകെയില്‍ ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ അതേ നിലവാരത്തില്‍ ഇന്ത്യയില്‍ ലഭ്യമാകില്ല എന്നതൊന്നും യുകെയില്‍ തന്നെ തുടരാനുള്ള അര്‍ഹതയല്ലെന്ന മറുപടിയാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. ഇന്ത്യയില്‍ മെച്ചപ്പെട്ട ചികിത്സ കിട്ടിയില്ലെങ്കിലും പാലിയേറ്റീവ് കെയര്‍ എന്തായാലും ലഭിക്കുമെന്നും മറുപടിയില്‍ എടുത്തുപറഞ്ഞിരുന്നു. എങ്ങനെയാണ് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടാന്‍ ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങള്‍ ഭരണകൂടത്തെ സഹായിക്കുന്നത് എന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ഈ സംഭവമെന്ന് അവിടുത്തെ അഭിഭാഷകരും രാഷ്ട്രീയക്കാരും പറയുന്നു.

2010-ലാണ് വിദ്യാഭ്യാസ വിസയെടുത്ത് എസ്പതി യു.കെയില്‍ എത്തുന്നത്. പഠനശേഷം വര്‍ക്ക് വിസനേടി അവിടെത്തന്നെ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് ഗുരുതരമായ അസുഖം പിടിപെടുന്നത്. രാജ്യം വിട്ടു പോവുകയാണെങ്കില്‍ അവളുടെ ജീവന്‍ അപകടത്തിലാകും എന്ന സ്ഥിതിയിലായിരുന്നു. ‘കാര്യങ്ങള്‍ അല്പം യുക്തിസഹമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെ കണ്ടാല്‍ പിന്നെ അവര്‍ക്ക് എന്നെയൊരു വിമാനത്തില്‍ കയറ്റി അയക്കാന്‍ കഴിയില്ല. ദേഹമാസകലം ട്യൂബ് ഇട്ടിരിക്കുകയാണ്’ ഭവാനി പറയുന്നു. അടുത്ത്തന്നെ വേറൊരു ശാസ്ത്രക്രിയക്ക്കൂടെ അവര്‍ വിധേയയാകേണ്ടതുണ്ട്.

വിഷയം കൂടുതല്‍ ചര്‍ച്ചയായതോടെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വക്താവ് വ്യക്തമാക്കി. അവളുടെ ശസ്ത്രക്രിയയും അനുബന്ധ ചികിത്സയും വളരെ സങ്കീര്‍ണമാണെന്നും, അവളെ ഇവിടെത്തന്നെ ശ്രദ്ധയോടെ ചികിത്സിക്കേണ്ടതുണ്ടെന്നും സെന്റ് മാര്‍ക്ക് ഹോസ്പിറ്റലിലെ സര്‍ജന്മാര്‍ എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. വളരെ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഒരിക്കലും യാത്ര അനുവദിക്കരുതെന്നും, അടുത്ത ശാസ്ത്രക്രിയക്കു ശേഷം അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്നതുതന്നെ സംശയമാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ആഭ്യന്തര മന്ത്രാലയവുമായി നേരിട്ട് സംസാരിക്കാന്‍ ഒരുക്കമാണെന്ന് ഭവാനി പറയുന്നു. കത്തുകളിലൂടെ ആശയം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ പലതും അവാസ്തവമാണെന്നാണ് അവര്‍ കരുതുന്നത്. ‘ഇതെല്ലാം എന്റെ അവസ്ഥ മോശമാക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള സമ്മര്‍ദ്ദം താങ്ങാനുള്ള ത്രാണിയില്ല’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: