ബ്രഹ്മാണ്ഡ റിലീസിംഗുമായി ഒടിയന്‍; കേരളത്തിനൊപ്പം യൂറോപ്പ്, യു. കെ, ഓസ്ട്രേലിയ, ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളിലും റിലീസ്

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിംഗിന് ഒരുങ്ങുന്നു. കേരളത്തിലെ തൊണ്ണൂറു ശതമാനം തിയേറ്ററുകളിലും ഒടിയന്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ഇതിനോടകം കേരളത്തില്‍ അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ഒന്നാം ദിന കളക്ഷനിലും റെക്കോഡ് ആണ് ചിത്രം ലക്ഷ്യമിടുന്നത്.

കേരളത്തില്‍ മാത്രമല്ല , ലോകമെമ്പാടും ഒരേ ദിവസം തന്നെയാണ് ഒടിയന്‍ റിലീസ് ചെയ്യുക. ഗള്‍ഫിലും, അമേരിക്ക, യു. കെ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളില്‍ എല്ലാം ചരിത്രം കുറിക്കുന്ന റിലീസാണ് ഒടിയന്‍ ടീം പ്ലാന്‍ ചെയ്യുന്നത്. സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒടിയനും ഇടം നേടിയിരുന്നു. ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാര്‍ട്ട് പ്രകാരം വിജയ് ചിത്രം സര്‍ക്കാര്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ ഒടിയന്‍ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ , പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: