ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുന്നു; നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍

ലണ്ടന്‍: ഡീലുണ്ടായാലും ഇല്ലെങ്കിലും ബ്രക്സിറ്റ് ബ്രിട്ടനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഡീലുണ്ടാക്കാനായില്ലെങ്കില്‍ പ്രത്യാഘാതം കൂടുകയും ചെയ്യും. ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുകയാണ്. ആരോഗ്യ, ബിസിനസ് രംഗത്തു തിരിച്ചടിയുണ്ടാകുമെന്നു ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. തൊഴില്‍ വിപണിയെയും ബ്രക്സിറ്റ് ദോഷകരമായി ബാധിക്കും എന്നതാണ് ആശങ്കയ്ക്ക് കാരണം. യൂണിയന്‍ വിട്ടാല്‍ വിദഗ്ദ തൊഴിലാളികളെ ലഭിക്കില്ലെന്ന ആശങ്കയാണ് യുകെയിലെ തൊഴിലുടമകള്‍ പങ്കുവയ്ക്കുന്നത്. തൊഴില്‍ വിപണിയ്ക്ക് മേലുണ്ടാകുന്ന ആഘാതത്തെ കുറിച്ച് ഒരു അവലോകന റിപ്പോര്‍ട്ട് അധികം വൈകാതെ ഗവണ്‍മെന്റ് അഡൈ്വസര്‍മാര്‍ പുറത്തിറക്കമെന്നാണ് സൂചന. ദി മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി അഥവാ മാക് ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കി പുറത്തിറക്കുന്നത്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോവുന്ന കാര്യത്തില്‍ തീവ്രമായ നിലപാടാണ് മേ സ്വീകരിക്കുന്നതെങ്കില്‍ അത് അയര്‍ലണ്ടിന് സ്വീകാര്യമാവില്ല എന്ന സൂചനകളാണ് അയര്‍ലണ്ടില്‍ നിന്നും ഉയരുന്നത്.

ബ്രക്സിറ്റ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തില്‍ അത് എന്ത് മാറ്റമുണ്ടാക്കുമെന്നും വേതനത്തെയും തൊഴിലില്ലായ്മയെയും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയെയും അത് എത്തരത്തില്‍ ബാധിക്കുമെന്നുമാണ് മാക് ഈ റിപ്പോര്‍ട്ടിലൂടെ വിശകലനം ചെയ്യുക. 400ല്‍ അധികം ബിസിനസുകള്‍, ഇന്റസ്ട്രി ബോഡികള്‍ , ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ ഇതിനായി തെളിവുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരന്നു മാകിനോട് ഈ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹോം സെക്രട്ടറി ആംബര്‍ റുഡ് ആവശ്യപ്പെട്ടിരുന്നത്. ഈകമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരന്നു.

ബ്രക്സിറ്റ് വന്നു കഴിഞ്ഞു യൂണിയനില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ തങ്ങള്‍ക്ക് ലഭിക്കില്ലേ എന്ന ആശങ്കയാണ് തൊഴിലുടമകള്‍ക്ക്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ കൂടുതല്‍ വിദഗ്ധരാണ് എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനകാര്യം. അതിനാല്‍ ബ്രക്സിറ്റിന് ശേഷം ഇവരുടെ വരവ് നിലച്ചാല്‍ അത് തങ്ങളുടെ സംരംഭങ്ങളെ ഏത് രീതിയില്‍ ബാധിക്കുമെന്ന ആശങ്കയും അവര്‍ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടു പല സംഭരംഭങ്ങളും രാജ്യത്തിന് പുറത്തേയ്ക്കു പറിച്ചു നടാനുള്ള നീക്കവുമുണ്ട്.

അടുത്ത മാര്‍ച്ച് 29ന് യുകെ യൂണിയനില്‍ നിന്നും വിടുന്നതോടെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. 2016ല്‍ യുകെയില്‍ ജോലി തേടിയെത്തിയ യൂറോപ്യന്‍ കാരുടെ എണ്ണം 55,000 ആയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 37,000 ആയി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഏഷ്യയില്‍ നിന്നുള്ള വിദഗ്ധരായ തൊഴിലാളികള്‍ക്ക് ബ്രക്സിറ്റ് ചിലപ്പോള്‍ നേട്ടം ആയേക്കാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: