ബ്രക്‌സിറ്റ് ചരിത്ര മുഹൂര്‍ത്തം; ഇനി തിരിച്ചു പോക്കില്ലെന്നും മേയ്

യൂറോപ്യന്‍ യൂണിയനുമായുള്ള 44 വര്‍ഷത്തെ ബന്ധം അറുത്തുമുറിക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ബ്രസല്‍സിലെ യൂറോപ്യന്‍ കൗണ്‍സിലിനു ബ്രിട്ടന്‍ ഔദ്യോഗികമായി കത്തു കൈമാറി. യുകെ സ്ഥാനപതി ടിം ബാരോയാണ് പ്രധാനമന്ത്രി തെരേസാ മേയ് ഒപ്പിട്ട കത്ത് ബ്രസല്‍സില്‍ ഇയു കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിനു നല്‍കിയത്.

ഇതു ചരിത്രമുഹൂര്‍ത്തമാണെന്നും ഇനി തിരിച്ചുപോക്കില്ലെന്നും മേയ് പാര്‍ലമെന്റില്‍ പറഞ്ഞു. ബ്രിട്ടനു മെച്ചപ്പെട്ട ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്തു മാനിച്ചാണ് നടപടികള്‍ എടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഒന്‍പത് മാസം മുന്‍പ് നടത്തിയ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി ഭൂരിപക്ഷം പേരും വോട്ടു ചെയ്തിരുന്നു.

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായുള്ള സുഹൃത്ബന്ധം തുടരും. അതേസമയം തന്നെ യൂറോപ്പിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കും ബന്ധങ്ങള്‍ വ്യാപിപ്പിക്കുമെന്നു മേ വ്യക്തമാക്കി. ലിസ്ബണ്‍ ഉടമ്പടിയിലെ അമ്പതാം വകുപ്പിലാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് അംഗരാജ്യങ്ങള്‍ വിടുതല്‍ നേടുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതനുസരിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങണമെന്നാണ് ഇന്നലെ ഡോണള്‍ഡ് ടസ്‌കിനു നല്‍കിയ കത്തില്‍ മേ നിര്‍ദേശിച്ചത്. ഉടമ്പടി പ്രകാരം വിടുതല്‍ ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം ഉണ്ട്. എല്ലാം ക്രമപ്രകാരം നടന്നാല്‍ 2019 മാര്‍ച്ചില്‍ 27 അംഗ യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുവരും.

ഇത് സന്തോഷത്തിന്റെ ദിനമാണെന്നു ഭാവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തെരേസാ മേയുടെ ആറു പേജുവരുന്ന കത്തു സ്വീകരിച്ചശേഷം ടസ്‌ക് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. യൂണിയനിലെ മറ്റ് 27 അംഗങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നതാണ് ബ്രെക്‌സിറ്റിന്റെ നല്ലവശമെന്നും അദ്ദേഹം പ്രതികരിച്ചു. ബ്രെക്‌സിറ്റിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇന്നു പാര്‍ലമെന്റില്‍ പ്രത്യേക ബില്‍ അവതരിപ്പിക്കും. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ സംബന്ധിച്ച മാര്‍ഗരേഖ ബ്രസല്‍സിലും പ്രസിദ്ധീകരിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: