ബ്രക്സിറ്റ് വിഷയത്തില്‍ അയര്‍ലണ്ടിനൊപ്പം ഒറ്റക്കെട്ട്: ഇ.യു

ഡബ്ലിന്‍: ബ്രക്സിറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അയര്‍ലണ്ടിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് യൂറോപ്യന്‍ യൂണിയന്‍. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ യു.കെ നിര്‍ദ്ദേശിക്കുന്ന തീരുമാനങ്ങള്‍ അയര്‍ലന്‍ഡിന് സ്വീകാര്യമാണെങ്കില്‍ മാത്രം യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡെസ്‌ക് വ്യക്തമാക്കി.

ഡബ്ലിനില്‍ വരേദ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഡെസ്‌ക് ഇ.യുവിന്റെ ബ്രക്സിറ്റ് നയം വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ അംഗം എന്നതിലുപരി അയല്‍രാജ്യം എന്ന നിലയില്‍ നിരവധി കരാറുകള്‍ അയര്‍ലണ്ടും യു.കെയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. യു.കെ ഇ.യുവില്‍ നിന്നും വിട്ടുനില്‍ക്കുന്നതിലൂടെ കരാറുകളിലും കാതലായ മാറ്റം സംഭവിക്കും.

അയര്‍ലണ്ടും യു.കെയും തമ്മിലുള്ള അതിര്‍ത്തി വിഷയങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇതുവരെ യു.കെക്ക് കഴിഞ്ഞിട്ടില്ല. അതിര്‍ത്തി നിയമങ്ങള്‍ കടുപ്പിച്ചാല്‍ വടക്കന്‍ അയര്‍ലണ്ടുകാര്‍ക്ക് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിനോട് കൂറ് വര്‍ദ്ധിക്കുമോ എന്ന ആശങ്ക യു.കെയിലെ നയതന്ത്ര പ്രതിനിധികള്‍ തെരേസ മെയ്-ക്ക് മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ബ്രക്സിറ്റ് വിവരം പുറത്ത് വന്നതോടെ ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയ വടക്കന്‍ അയര്‍ലണ്ടുകാരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. വടക്കിന്റെ വംശ പാരമ്പര്യം ഐറിഷ് ആയതും യു.കെ-ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ഇതെല്ലം പരിഗണിച്ച് അതിര്‍ത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുക എന്ന ഒറ്റ പോംവഴി മാത്രമാണ് യു.കെ-ക്ക് മുന്നിലുള്ളത്.

തെക്കന്‍ അയര്‍ലണ്ടിന്റെ അതിര്‍ത്തി കര്‍ശനമാക്കിയാല്‍ ഭാവിയില്‍ തിരിച്ചടി സംഭവിക്കുമെന്ന് ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ ഉപദേശകര്‍ തെരേസക്ക് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ രാഷ്ട്രീയ അസ്ഥിരതയും വര്‍ധിക്കുന്നത് പൊതുവെ തെക്കന്‍ അയര്‍ലണ്ടിനോട് വടക്കുകാര്‍ക്ക് താല്പര്യം ജനിപ്പിക്കാന്‍ കാരണമായേക്കും. ഭാവിയില്‍ രണ്ട് അയര്‍ലന്‍ഡുകളും കൂടിച്ചേര്‍ന്ന് യുണൈറ്റഡ് അയര്‍ലന്‍ഡ് ആയി മാറാനുള്ള സാധ്യതയും വിദൂരമല്ല. ഇതെല്ലം പരിഗണിച്ചായിരിക്കും യു.കെ അയര്‍ലന്‍ഡുമായി പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: