ബ്രക്സിറ്റ് ബില്‍ പ്രഭുസഭയും പാസാക്കി; ഇനി വേണ്ടത് രാജ്ഞിയുടെ അനുമതി

ജനപ്രതിനിധി സഭയില്‍ നിന്ന് എംപിമാര്‍ തിരിച്ചയച്ച ബ്രക്സിറ്റ് ബില്‍ പ്രഭുസഭ പാസ്സാക്കി. രാജ്ഞി കൂടി പാസ്സാക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള നടപടികള്‍ക്ക് നിയമ തടസ്സം ഇല്ലാതെയാകും. ബില്‍ ഇന്ന് രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും.

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രക്സിറ്റ് ബില്ലിന്മേല്‍ പ്രഭുസഭ പാസ്സാക്കിയ ഭേദഗതി നിര്‍ദേശങ്ങള്‍ ഇന്നലെ വൈകിട്ടാണ് എംപിമാര്‍ തള്ളികളഞ്ഞത്. ഇതോടെ വീണ്ടും തിരിച്ചയയ്ക്കാതെ പ്രഭുസഭ ബില്‍ പാസ്സാക്കിയത്. മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഭാവി അനുസരിച്ചാകും, ബ്രിട്ടനിലുള്ള മറ്റു രാജ്യക്കാരുടെ ഭാവിയെന്നാണ് സര്‍ക്കാര്‍ നയം.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലായിരുന്നു ഉപരിസഭയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബില്‍ പരിഷ്‌കരിക്കേണ്ടതില്ലെന്ന് എംപിമാര്‍ തീരുമാനിച്ചത്. ഹൗസ് ഓഫ് കോമണ്‍സ് ഭേദഗതി തള്ളി ബില്‍ തിരിച്ചയച്ചാലുടന്‍ തുടര്‍നടപടികളുടെ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഇക്കാര്യത്തില്‍ ഈയാഴ്ച തന്നെ തിരക്കിട്ട നടപടിക്കില്ലെന്ന സൂചനയാണ് ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ബില്ലിന് രാജ്ഞിയുടെ അനുമതി തേടിയശേഷം ഈമാസം അവസാനത്തോടെയേ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാനിടയുള്ളൂ.

നിലവില്‍ ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രെക്സിറ്റിന് ശേഷവും ഇവിടെത്തന്നെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു പ്രഭുസഭ പാസാക്കിയ ഒന്നാമത്തെ ഭേദഗതി. രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന തീരുമാനത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അന്തിമ അനുമതിയോടുകൂടിയേ നടപ്പാക്കാവൂ എന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി. വന്‍ ഭുരിപക്ഷത്തില്‍ പാസാക്കിയ ഈ നിര്‍ദേശങ്ങളാണ് ഇന്നലെ ജനപ്രതിനിധിസഭയില്‍ എംപിമാര്‍ തള്ളിയത്.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരുടെ ഭാവി അനുസരിച്ചാകും ബ്രിട്ടനിലുള്ള മറ്റു രാജ്യക്കാരുടെ ഭാവി എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം. ഇത്തരത്തിലുള്ള തീരുമാനത്തിനു കാലതാമസം ഉണ്ടാകില്ലെന്നും ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് ഇന്നലെ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി. പാര്‍ലമെന്റിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന ബ്രെക്സിറ്റിന്റെ ഉടമ്പടി വ്യവസ്ഥകള്‍ വീണ്ടുമൊരു അന്തിമ അനുമതിക്കായി സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നു. ഇതിനര്‍ഥം പാര്‍ലമെന്റിനെ മറികടന്നുള്ള തീരുമാനം ഉണ്ടാകുമെന്നല്ലെന്നും എല്ലാ നടപടികളും പാര്‍ലമെന്റിനെ അറിയിച്ചും അനുമതി വാങ്ങിയും മാത്രമാകുമെന്നും ചര്‍ച്ചയ്ക്കു തുടക്കമിട്ടു മന്ത്രി വിശദീകരിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: