ബ്രക്സിറ്റ് പ്രതിസന്ധി തുടരുമ്പോള്‍ ജനമനസ് യൂറോപ്പിനോപ്പം ചായുന്നു??

ലണ്ടന്‍ : ബ്രക്സിറ്റ് വിഷയത്തില്‍ പ്രതിസന്ധി തുടരവേ ജനമനസ് യൂറോപ്പിലേക്ക് ചായുന്നതായി സര്‍വേ ഫലം. ബ്രക്സിറ്റ് ഉണ്ടാക്കുന്ന സങ്കീര്‍ണതകളും തിരിച്ചടികളും ഒന്നൊന്നായി പുറത്തുവന്നതോടെ ഇയുവില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരുടെ പക്ഷത്തിന് വലിയ മേല്‍ക്കൈ ലഭിച്ചിരിക്കുകയാണ്. യൂഗോവ് പോളിലാണ് യൂറോപ്യന്‍ യൂണിയനില്‍ തുടരാമെന്ന് ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഹിതപരിശോധന നടന്നാല്‍ എവിടെ വോട്ട് ചെയ്യുമെന്ന ചോദ്യത്തിനാണ് ഇയു അംഗത്വം നിലനിര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് ഇവര്‍വ്യക്തമാക്കിയത്. 56 ശതമാനം പേരാണ് ഇയുവില്‍ തുടരാന്‍ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. 44 ശതമാനം പേര്‍ ഇപ്പോഴും ഇയു ഉപേക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നു. 12 ശതമാനം ലീഡാണ് ഇക്കാര്യത്തില്‍ റിമെയിന്‍ പക്ഷത്തിന് ഉണ്ടായിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് രണ്ടാം ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ ഭൂരിഭാഗമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. 78 ശതമാനം പേരാണ് ഈ നീക്കത്തെ അനുകൂലിക്കുന്നത്.

തെരേസ മേ അവതരിപ്പിച്ച ബ്രക്സിറ്റ് കരാര്‍ എംപിമാര്‍ നിഷ്‌കരുണം തള്ളിയതോടെ ജനങ്ങളുടെ നിലപാടും മാറിയിരിക്കുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി പ്ലാന്‍ ബി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഒരാഴ്ചയോളം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. തെരേസ മേയെ തങ്ങളുടെ വഴിക്ക് നടത്താന്‍ എംപിമാര്‍ വിവിധ ഭേദഗതികളില്‍ വോട്ടും രേഖപ്പെടുത്തുന്നതോടെ പ്രധാനമന്ത്രി സമ്മര്‍ദത്തിലാകും. പ്രതിസന്ധി ഇങ്ങനെ തുടരുന്നതിനിടെയാണ് ബ്രക്സിറ്റില്‍ വിശ്വാസം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നത്. ബ്രക്സിറ്റ് കരാറിനെ വോട്ടിനിട്ട് തള്ളിയാല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാന്‍ ബി’യുമായി പ്രധാനമന്ത്രി എത്തണമെന്ന ഭേദഗതിയാണ് ഭരണകക്ഷി വിമതരുടെ പിന്തുണയോടെ ലേബര്‍ പാസാക്കിയത്.

രണ്ടാമത് ഹിതപരിശോധന നടന്നാന്‍ വന്‍ മാര്‍ജിനില്‍ റിമെയിന്‍ പക്ഷം വിജയിക്കുമെന്ന് വ്യക്തം. എന്നാല്‍ രണ്ടാമത് ഹിതപരിശോധന വേണമോ അതോ മാര്‍ച്ച് 29-ന് കരാറില്ലാതെ ഇറങ്ങിപ്പോരണോ എന്നതൊക്കെ തര്‍ക്ക വിഷയമാണ്. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ തമ്മിലും ഭിന്നതയിലാണ്. ബ്രക്സിറ്റില്‍ നോ ഡീല്‍ സാധ്യത പൂര്‍ണ്ണമായി തള്ളാതെ യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ ഉറച്ച നിലപാട്. തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് കോര്‍ബിന്‍ പാര്‍ട്ടി എംപിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അതിനിടെ നോ ഡീല്‍ തടയാന്‍ റിമെയിനര്‍ എംപിമാര്‍ രാജിവെയ്ക്കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രക്സിറ്റ് കരാറിന് 230 വോട്ടിന്റെ കൂറ്റന്‍ പരാജയം ഏറ്റുവാങ്ങിയ തെരേസാമേ അവിശ്വാസം 19 വോട്ടിനു അതിജീവിക്കുകയായിരുന്നു. 325 പേര്‍ അവിശ്വാസത്തെ എതിര്‍ത്തപ്പോള്‍ 306 പേരേ കോര്‍ബിന്‍ അവതരിപ്പിച്ച അവിശ്വാസത്തെ അനുകൂലിച്ചുള്ളു. പക്ഷേ അത് കൊണ്ടൊന്നും തെരേസാമേ സര്‍ക്കാരിന് ആശ്വസിക്കാന്‍ വകയില്ല.

Share this news

Leave a Reply

%d bloggers like this: