ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍

ബ്രസല്‍സ്: ഐറിഷ് അതിര്‍ത്തി സംബന്ധിച്ച നിര്‍ണായക പ്രശ്നങ്ങളില്‍ ഇനിയും പരിഹാരമാകാതെ ബ്രസല്‍സില്‍ കഴിഞ്ഞ ദിവസം നടന്ന ബ്രെക്‌സിറ്റ് ചര്‍ച്ചയും അവസാനിച്ചു. ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബും യൂറോപ്യന്‍ യൂണിയന്‍ നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറും തമ്മിലുള്ള ഇന്നലത്തെ ചര്‍ച്ചയും ഐറിഷ് അതിര്‍ത്തിപ്രശ്നത്തില്‍ തട്ടി വഴിമുട്ടിയിരുന്നു. ബുധനാഴ്ച നിര്‍ണായകമായ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാരുടെ ചര്‍ച്ച നടക്കുന്നതിന് മുമ്പ് മറ്റ് ചര്‍ച്ചകളൊന്നും പദ്ധതിയിട്ടില്ലെന്നാണ് അറിയുന്നത്.

ഐറിഷ് അതിര്‍ത്തി ഉള്‍പ്പെടെ യുകെ യൂണിയനില്‍ നിന്നും വേര്‍പെടുന്നതിനോട് അനുബന്ധിച്ച് ഇനിയും പരിഹാരമാകാതെ കിടക്കുന്ന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ബുധനാഴ്ചത്തെ ചര്‍ച്ചയെന്നാണ് ബിബിസി ബ്രസല്‍സ് വക്താവായ ആദം ഫ്ലെമിംഗ് വെളിപ്പെടുത്തുന്നത്. യുകെ ആഗ്രഹിക്കുന്നത് പോലെ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ നവംബര്‍ വരെ നീണ്ട് പോവില്ലെന്നും ഫ്ലെമിംഗ് പറയുന്നു.

അഭ്യന്തരതലത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുള്ള രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ബുദ്ധിമുട്ടേറി വരുന്നതിനിടയിലാണ് ബുധനാഴ്ചത്തെ സമ്മിറ്റിന് തെരേസ പോകുന്നത്. തെരേസയുടെ ബ്രെക്സിറ്റ് നിലപാടില്‍ പ്രതിഷേധിച്ച് നിരവധി കാബിനറ്റ് അംഗങ്ങള്‍ രാജി വയ്ക്കുമെന്ന ഭീഷണി ശക്തമാണ്. ഏത് നിര്‍ദേശവും കരാറാക്കുന്നതിന് മുമ്പ് എംപിമാരുടെ അംഗീകാരം നേടിയിരിക്കണമെന്നാണ് കാബിനറ്റ് അംഗങ്ങളുടെ ആവശ്യം.

ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ തുടര്‍ന്നും നിലനിര്‍ത്താനായുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ എതിര്‍ത്ത ബോറിസ്, താന്‍ മുന്നോട്ടുവച്ച ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കാന്‍ പറ്റിയ സമയമാണിതെന്നും വ്യക്തമാക്കി. ബാക്ക് സ്റ്റോപ്പ് ആശയമെന്നത് ബ്രെക്സിറ്റിനോടുള്ള ജനഹിതത്തെ തിരസ്‌കരിക്കുന്നതിന് തുല്യമാണെന്നാണ് മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചിരിക്കുന്നത്. ബ്രക്സിറ്റ് ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്യങ്ങള്‍ ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബോറിസ് വ്യക്തമാക്കി.

മേയുടെ ബാക്ക്സ്റ്റോപ്പ് പദ്ധതി നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സിംഗിള്‍ വിപണിയില്‍ നിലനിര്‍ത്തും. ഇതോടെ ഐറിഷ് കടലിലൂടെയുള്ള ചരക്കുഗതാഗതം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാകും. യുകെയുടെ ഭരണഘടന മാറ്റുന്ന തരത്തിലുള്ള കരാറുകള്‍ ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധതയാണെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചു. സൂപ്പര്‍ കാനഡ, സീറോ താരിഫ്, സീറോ ക്വാട്ട, ഫ്രീ ട്രേഡ് ഡീലാണ് ബ്രിട്ടന്‍ സ്വീകരിക്കേണ്ടതെന്നും ബോറിസ് വ്യക്തമാക്കി.

പാര്‍ട്ടിയിലെ ബ്രക്സിറ്റ് പ്രേമികളുടെ കനത്ത സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി. ഒപ്പം സര്‍ക്കാരിനെ നിലനിര്‍ത്തുന്ന ഡിയുപിയും ബ്രക്സിറ്റ് ശക്തമാകണമെന്ന ആവശ്യത്തിലാണ്. ബ്രക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി അതിര്‍ത്തിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് ഡിയുപി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ഡിയുപി 29ന് അവതരിപ്പിക്കുന്ന ബജറ്റിനെതിരെ വോട്ട് ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വീഴും. ഡിയുപിയുടെ 10 അംഗങ്ങളുടെ പിന്‍ബലത്തിലാണ് തെരേസ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: