ബ്രക്സിറ്റിന് പിന്നാലെ ഇറ്റ-ലീവോ ?

ബ്രിട്ടനുശേഷം (ബ്രെക്‌സിറ്റ്) യൂറോപ്യന്‍ യൂണിയനില്‍ (ഇയു)നിന്ന് ഇറ്റലിയും പുറത്തേക്ക് (ഇറ്റ-ലീവ്) പോകുകയാണോ? ഡിസംബര്‍ നാലിന് മറ്റിയോ റെന്‍സി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാപരിഷ്‌കാരത്തിന് ഹിതപരിശോധനയില്‍ നേരിട്ട ദയനീയമായ പരാജയമാണ് ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്.

68 ശതമാനം പേര്‍ (3.3 കോടി) വോട്ട് ചെയ്ത ഹിതപരിശോധനയില്‍ ഭരണഘടനാപരിഷ്‌കരണത്തെ എതിര്‍ത്ത് 59.9 ശതമാനംപേര്‍ വോട്ട് ചെയ്തു. 41.1 ശതമാനമാണ് നാല്‍പ്പത്തൊന്നു കാരനായ റെന്‍സിയുടെ പരിഷ്‌കരണത്തെ അനുകൂലിച്ചത്. 18 ശതമാനത്തിന്റെ വ്യത്യാസമാണ് ഇരുപക്ഷവും തമ്മിലുള്ളത്. കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി റെന്‍സി രാജിവച്ചു.

ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യമിട്ട് 1948ല്‍ അംഗീകരിച്ച ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതികളാണ് പരാജയപ്പെട്ടത്. എല്ലാ അധികാരങ്ങളും കൈയിലൊതുക്കിയ മുസ്സോളിനിയെപോലുള്ള ഏകാധിപതികള്‍ ഇനി ഇറ്റലിയില്‍ ഭരണത്തിലെത്താതിരിക്കാനാണ് തുല്യ അധികാരങ്ങളുള്ള ദ്വിമണ്ഡല പാര്‍ലമെന്ററി സമ്പ്രദായത്തിന് ഇറ്റലി 1948ല്‍ തുടക്കമിട്ടത്. എന്നാല്‍, പുതിയ ഭരണഘടനയ്ക്ക് കീഴില്‍ സുസ്ഥിരമായ ഭരണം ഒരിക്കലും ഉണ്ടായില്ല. 68 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 65 ഗവണ്‍മെന്റുകളാണ് ഇറ്റലി ഭരിച്ചത്. ഇതില്‍ 1948 ലും 1953 ലും മാത്രമാണ് ഒരു കക്ഷിക്ക് അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യുട്ടീസില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. ബാക്കിയെല്ലാം തന്നെ കൂട്ടുകക്ഷി സര്‍ക്കാരായിരുന്നു. എന്റിക്കോ ലെട്ടിയെ മാറ്റിയാണ് മറ്റിയോ റെന്‍സി 2014ല്‍ അധികാരമേറിയത്.യൂറോപ്യന്‍ യൂണിയനിലെ നാലാമത്തെ സാമ്പത്തികശക്തിയായ ഇറ്റലി കടുത്ത പ്രതിസന്ധിയെ നേരിടുകയാണിപ്പോള്‍. 2008 ലെ വാള്‍സ്ട്രീറ്റ് തകര്‍ച്ചയോടെ കടുത്ത ചെലവുചുരുക്കല്‍ നയം ഇറ്റലി സ്വീകരിച്ചു. തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി. യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മയാകട്ടെ 40 ശതമാനമായി.

ഗ്രീസ് കഴിഞ്ഞാല്‍ യുറോപ്പിലെ ഏറ്റവും കടബാധ്യതയുള്ള രാജ്യമായി ഇറ്റലി മാറി. കിട്ടാക്കടത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ ബാങ്കുകള്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഏറവും പ്രധാന ബാങ്കായ മോണ്ടെ ഡെയ് പാസ്ച്ചി ഡി സീന ഉള്‍പ്പെടെയുള്ള ഇറ്റാലിയന്‍ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 630 ബില്യണ്‍ യുറോയാണ്. യൂറോപ്യന്‍ യൂണിയനും യുറോവിനും കടുത്ത ഭീഷണിഉയര്‍ത്തുന്ന രാജ്യമാണ് ഇറ്റലിയെന്ന് ‘ഇക്കോണമിസ്റ്റ് വാരിക അഭിപ്രായപ്പെട്ടു.

ഭരണവിരുദ്ധവികാരം സര്‍ക്കാരിനെതിരെ ശക്തമാകുന്നുവെന്ന് മനസ്സിലാക്കിയ റെന്‍സിയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും മറ്റും ചേര്‍ന്നാണ് ഭരണസ്ഥിരതയും അതുവഴി സാമ്പത്തികപുരോഗതിയും ലക്ഷ്യമാക്കി ഭരണഘടനയില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചത്. ഭരണവിരുദ്ധവികാരത്തിന്റെ ഫലമായി ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമായതും അമേരിക്കയില്‍ ട്രംപ് വിജയിച്ചതുമാണ് ഇത്തരമൊരു നീക്കത്തിന് ഇറ്റാലിയന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

‘തുല്യ അധികാരങ്ങളുള്ള ദ്വിമണ്ഡല സഭ’ എന്ന സമ്പ്രദായത്തെ തകര്‍ക്കുന്ന നിര്‍ദേശങ്ങളാണ് റെന്‍സി മുന്നോട്ടുവച്ചത്. സെനറ്റ് എന്ന ഉപരിസഭയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുക എന്നതായിരുന്നു റെന്‍സിയുടെ പ്രധാനലക്ഷ്യം. ഇതിനായി മൂന്ന് ഭേദഗതികളാണ് കൊണ്ടുവന്നത്. ഒന്നാമതായി സെനറ്റിന്റെ അംഗസംഖ്യ 315ല്‍നിന്ന് 100ആയി കുറച്ചു. രണ്ടാമതായി സെനറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിക്ക് അന്ത്യമിട്ടു. 21 പ്രവിശ്യ ഗവര്‍ണര്‍മാരും 74 പ്രവിശ്യ കൌണ്‍സില്‍ തലവന്മാരും പ്രസിഡന്റ് നോമിനേറ്റ് ചെയ്യുന്ന അഞ്ചുപേരും അടങ്ങിയതായിരിക്കും പുതിയ സെനറ്റ്. മൂന്നാമതായി ഗവണ്‍മെന്റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ സെനറ്ററിനുള്ള അവകാശവും ഇല്ലാതാകും. പരിഷ്‌കരണങ്ങളുടെ വേഗം കുറയുന്നതിനും നിയമനിര്‍മാണം തടസ്സപ്പെടുന്നതിനും സര്‍ക്കാര്‍തന്നെ ദുര്‍ബലമാകുന്നതിനും കാരണം പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും തുല്യ അധികാരമുള്ളതാണെന്നാണ് റെന്‍സിയുടെ വാദം.

റെന്‍സിയുടെ ഈ നീക്കത്തിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍ണപിന്തുണ നല്‍കി. അടുത്തയിടെ വൈറ്റ്‌ഹൌസ് സന്ദര്‍ശിച്ച റെന്‍സിയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വാനോളം പുകഴ്ത്തി. ‘ഞാന്‍ റെന്‍സിയുടെ വിജയത്തിനുവേണ്ടി നിലകൊള്ളുന്നു’വെന്ന് പറഞ്ഞ ഒബാമ റെന്‍സി ‘അചഞ്ചലനും’ ‘പുരോഗമനവാദിയു’മാണെന്നും കൂട്ടിച്ചേര്‍ത്തു. ഇയു കമീഷന്‍ പ്രസിഡന്റ് ഷീന്‍ ക്‌ളോഡ് ജങ്കര്‍ ‘ലാ സ്റ്റാമ്പ’ ദിനപത്രത്തോട് പറഞ്ഞത് ‘റെന്‍സിയുടേത് ശരിയായ പരിഷ്‌കാരങ്ങളാണെന്നും അതിനാല്‍ അനുകൂലപക്ഷം വിജയിച്ച് കാണാനാണ് ഇഷ്ട’മെന്നുമായിരുന്നു.

https://youtu.be/F535zgYSL_Y

ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷ്യൂബ്ലെയും ‘എന്റെ വോട്ട് റെന്‍സിക്കാണെന്ന്’ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇറ്റാലിയന്‍ ജനത എതിര്‍വോട്ടാണ് ചെയതത് കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ കക്ഷിയായ മറ്റിയോ സല്‍വീനിയുടെ നോര്‍തേണ്‍ ലീഗും ഹാസ്യതാരം ബെപ്പേ ഗ്രില്ലോയുടെ ഫൈവ്സ്റ്റാറും ഫാസിസ്റ്റ് കക്ഷിയായ ഫ്രാറ്റെലിഡ് ഇറ്റാലിയയും മധ്യവലതുപക്ഷ കക്ഷിയായ ബെര്‍ലുസ്‌കോനിയുടെ ഫോര്‍സാ ഇറ്റാലിയയും എതിര്‍വോട്ട് ചെയ്യാനാണ് ജനങ്ങളോട് അഭ്യര്‍ഥിച്ചത്.

ഇറ്റലിയിലെ തൊഴിലാളികളും ഇതേ അഭിപ്രായക്കാരായിരുന്നു. ചെലവുചുരുക്കലിന്റെ തിക്തഫലം അനുഭവിച്ചത് തൊഴിലാളികളായിരുന്നു. ലേ ഓഫും കൂലിക്കുറവും അവരുടെ ജീവിതം ദുരിതപൂര്‍ണമാക്കി. ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇറ്റാലിയന്‍ ലേബര്‍, ഇറാലിയന്‍ മെറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങിയ ട്രേഡ്യൂണിയനുകളും റിഫോണ്ടിസിയോണെ കമ്യൂണിസ്റ്റ് കക്ഷിയും എതിര്‍വോട്ട് ചെയ്യാനാണ് അഭ്യര്‍ഥിച്ചത്. റെന്‍സി തിരിച്ചുവന്നാല്‍ തൊഴിലാളിവിരുദ്ധ നടപടികള്‍ക്ക് ആക്കംകൂടുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.

ഭരണസ്ഥിരതയ്ക്കും സാമ്പത്തികഭദ്രതയ്ക്കുംവേണ്ടി നടത്തിയ ഹിതപരിശോധന ഭരണപരമായ അസ്ഥിരതയിലേക്കും സാമ്പത്തികപ്രതിസന്ധിയിലേക്കുമാണ് ഇറ്റലിയെ തള്ളിയിട്ടത്. ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ച് ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ശ്രമിക്കുകയെന്നാണ് സൂചന. ധനമന്ത്രി പിയര്‍ കാര്‍ലോ പഡോണ്‍ പ്രധാനമന്ത്രിയായേക്കും. എന്നാല്‍, ഹിതപരിശോധനയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സര്‍ക്കാര്‍ രാജിവച്ച് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം. ഫൈവ്സ്റ്റാര്‍ പാര്‍ടിയും നോര്‍തേണ്‍ ലീഗും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉടന്‍ നടക്കുന്നപക്ഷം ഭരണത്തിലെത്താന്‍ കഴിയുമെന്ന വിശ്വാസമാണ് ഈ പാര്‍ടികളെ നയിക്കുന്നത്.

ഏതായാലും ഇറ്റലിയിലെ ഹിതപരിശോധനാഫലം മറ്റ് യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും. ബ്രിട്ടനില്‍നിന്ന് ഇറ്റലിവഴി ഭരണവിരുദ്ധവികാരം അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന നെതര്‍ലന്‍ഡിലും (മാര്‍ച്ചില്‍) ഫ്രാന്‍സിലും (മെയ്), ജര്‍മനിയിലും (സെപ്തംബര്‍) സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പ്രവചനം. യൂറോപ്പിലെങ്ങുമുള്ള തീവ്രവലതുപക്ഷ പാര്‍ട്ടികളാണ് യൂറോപ്യന്‍ യൂണിയനും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ ശക്തമായ പ്രചാരണം നടത്തിവരുന്നത്. 2014ല്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ത്തന്നെ അഞ്ചിലൊന്ന് സീറ്റുകള്‍ ഇത്തരം കക്ഷികള്‍ നേടിയിരുന്നു. ഈ കക്ഷികള്‍ക്ക് അതത് രാജ്യങ്ങളില്‍ ഭൂരിപക്ഷം ലഭിക്കുന്നപക്ഷം യൂറോപ്യന്‍ യൂണിയന്റെ ഭാവി അനിശ്ചിതത്വത്തിലാകും. ആസ്ട്രിയയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ കുടിയേറ്റവിരുദ്ധ ഫ്രീഡം പാര്‍ടിയുടെ സ്ഥാനാര്‍ഥി നോര്‍ബര്‍ട്ട് ഹോഫറിന്റെ പരാജയവും ഗ്രീന്‍ പാര്‍ടിയിലെ അലക്‌സാണ്ടര്‍ വാന്‍ഡെര്‍ ബല്ലന്റെ വിജയവും തീവ്രവലതുപക്ഷത്തിനെതിരായ രാഷ്ട്രീയഐക്യം യൂറോപ്പിലും രൂപപ്പെടുകയാണെന്നതിന്റെ സൂചനയാണ്. എന്നാല്‍, യൂറോപ്പിലെ തീവ്രവലതുപക്ഷത്തിനെതിരെ ഇടതുപക്ഷബദല്‍ ഉയര്‍ന്നുവരികതന്നെ വേണമെന്ന ലെഫ്റ്റ് ഇക്കോളജി ഫ്രീഡം പാര്‍ടിയുടെ നേതാവും മുന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവുമായ നിച്ചി വെന്‍ഡോലയുടെ നിരീക്ഷണം പ്രസക്തമാണ്. ഏതായാലും യൂറോപ്യന്‍ യൂണിയന്റെ ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: