ബേബി വൈപ്സ് കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജിക്ക് കാരണമാകുന്നതായി പഠനം.

കുഞ്ഞുങ്ങളിലെ ഭക്ഷ്യ അലര്‍ജിക്ക് ബേബി വൈപ്സ്  കാരണമാകുന്നതായി പഠനം. ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ കവചം നശിപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നാണ് അമേരിക്കയിലെ ഗവേഷകരുടെ അഭിപ്രായം.ജേണല്‍ ഓഫ് അലര്‍ജി ആന്റ് ക്ലിനിക്കല്‍ ഇമ്യൂണോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാരിസ്ഥിതിക, ജനിതക ഘടകങ്ങള്‍ കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജി ഉണ്ടാക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ബേബി വൈപ്സ് ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ സോപ്പിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാനിടയാക്കും. ഇതോടൊപ്പം ജനിതകമായ കാരണങ്ങള്‍ കൂടി ചേരുമ്പോള്‍ ചര്‍മ്മത്തിന്റെ ആഗിരണ ശേഷിയില്‍ മാറ്റം വരുന്നു. ഇതാണ് കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജിക്ക് ഇടയാക്കുന്നതെന്ന് ഗവേഷണസംഘത്തിന്റെ തലവനും നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല ഫെന്‍ബുര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറുമായ ജോവാന്‍ കുക്ക് മില്‍സ് പറയുന്നു.

ഓസ്ട്രേലിയയില്‍ ഇരുപത് കുട്ടികളില്‍ ഒരാള്‍ ഭക്ഷ്യ അലര്‍ജി ഉള്ളവരാണ്. ഭക്ഷ്യ അലര്‍ജി ഉള്ള 35 ശതമാനം കുട്ടികള്‍ക്ക് എക്സിമ എന്ന രോഗവും കാണപ്പെടുന്നു. പഠനത്തിനായി എലികളിലാണ് പരീക്ഷണം നടത്തിയത്. സാധാരണ ഭക്ഷ്യ അലര്‍ജി വരാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളായ കപ്പലണ്ടി, മുട്ട എന്നിവ നല്‍കിയാണ് പരീക്ഷണം ആരംഭിച്ചത്. എന്നാല്‍ വ്യക്തമായ ഫലം കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇത്തരം ഭക്ഷണങ്ങള്‍ നല്‍കാത്ത വേറൊരു കൂട്ടം എലികളുടെ ചര്‍മത്തില്‍ ബേബി വൈപ്സില്‍ കാണുന്ന സോഡിയം ലോറല്‍ സള്‍ഫേറ്റ് പരീക്ഷിച്ചു. ഇവയ്ക്ക് പിന്നീട് ഭക്ഷണം നല്‍കിയപ്പോള്‍ ചര്‍മത്തില്‍ തടിപ്പുകള്‍ വരുന്നതായി കണ്ടു. ബേബി വൈപ്സില്‍ കാണുന്ന സോപ്പിന്റെ അംശം ചര്‍മത്തിന്റെ മുകള്‍ പാളിയെ നശിപ്പിക്കുന്നു. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പ്രൊഫസര്‍ ജോവാന്‍ കുക്ക് അഭിപ്രായപ്പെടുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: