ബീഹാറിലെ കുട്ടികളുടെ കൂട്ട മരണം; ലിച്ചിപ്പഴത്തിലൂടെ പകര്‍ന്ന എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോമെന്ന് വിദഗ്ദ്ധര്‍…

ബീഹാറില്‍ 31 കുട്ടികള്‍ ലിച്ചിപ്പഴം കഴിച്ചു മരണപ്പെട്ടതായി റിപ്പോര്‍ട്ട്. പത്തുദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ മരണപ്പെട്ടത് എന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 10 വയസിന് താഴെ പ്രായമുള്ള 43 കുട്ടികള്‍ മരിച്ചു എന്നാണ് ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്. ലിച്ചിയില്‍ നിന്നുമുള്ള എന്തോ വിഷാംശമാകാം കുട്ടികളില്‍ മാരകമായ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബീഹാറിലെ മുസാഫര്‍പൂരിലുള്ള രണ്ട് ആശുപത്രികളിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മരണപ്പെട്ട എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളോടെ കുറഞ്ഞത് 40 കുട്ടികളെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ എസ്. പി. സിങ് പറഞ്ഞു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

1995-മുതല്‍ മുസാഫര്‍പുരിലും സമീപ ജില്ലകളിലും ലിച്ചി സീസണായ വേനല്‍ക്കാലത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി ഈ അസുഖം അറിയപ്പെടുന്നത്. അത് 2014-ല്‍ 150 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ജനുവരി മുതല്‍ 10 വയസിന് താഴെയുള്ള 172 കുട്ടികളെ എന്‍സെഫലൈറ്റിസ് കേസുകളുമായി മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 157 പേരെയും ജൂണ്‍ ഒന്നിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെ. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണിന് ശേഷം.

ലിച്ചിയില്‍ മരണ കാരണമായേക്കാവുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് 2015-ല്‍ അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ലിച്ചി ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്ന ബംഗ്ലാദേശിലും വിയറ്റ്‌നാമിലും നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: