ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തു തുടങ്ങി; ഇന്ന് അറസ്റ്റ് ഉണ്ടാകുമോ ?

 

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ജലന്ധറിലെ ബിഷപ്പ് ഹൗസില്‍ എത്തി. വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ പോലീസ് സംഘം എത്തിയിരിക്കുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് മുന്നോടിയായ പഞ്ചാബ് പോലീസിന്റെ സായുധസംഘം ബിഷപ്പ് ഹൗസിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നു. ചോദ്യം ചെയ്യലിനോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സഹകരിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതിന് ശേഷം ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ബിഷപ്പിന്റെ വക്താവിനെ അന്വഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്റെ യാത്രാവിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ കൃത്യത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുക.

അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിശ്വാസികളുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. അറസ്റ്റ് ചെയ്യാത്തതുകൊണ്ട് മാത്രം അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറയാനാകാകില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല കേസില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ലഘുലേഖകള്‍ പ്രചരിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ബിഷപ്പ് ഹൗസിനു മുന്നില്‍ സായുധ പോലീസിനെ വിന്യസിപ്പിച്ചിരുന്നു. പഞ്ചാബ് പോലീസിന്റെ സായുധ സംഘമാണ് ബിഷപ്പ് ഹൗസിനു സമീപത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടേക്കുള്ള വഴികള്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. രാവിലെ മുതല്‍ വാഹനങ്ങളില്‍ വിശ്വാസികള്‍ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിനിടെ, പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനായുള്ള നീക്കം നടന്നുവരികയാണെന്നുള്ള സൂചനയുണ്ട്. കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍, ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: