ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാന ഉപാധി. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

കേസില്‍ അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണെന്നും രഹസ്യമൊഴി രേഖപ്പെടുത്താനുള്ളവരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും ഈ ഘട്ടത്തില്‍ റിമാന്‍ഡില്‍ കഴിയേണ്ട ആവശ്യമില്ലെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്.

ബിഷപ്പിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ശക്തമായി എതിര്‍ത്തിരുന്നില്ല. കന്യാസ്ത്രീകളില്‍ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കേരളത്തിന് പുറത്തു പോകേണ്ടിവരും. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തില്‍ പ്രവേശിക്കാനാകൂ.

പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോടതി അതു തള്ളുകയായിരുന്നു.

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 21-ന് ആണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: