ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ കൂട്ട സ്ഥലം മാറ്റം; രണ്ടാം ഘട്ട സമരമുഖം കോട്ടയത്ത്

കൊച്ചി: ലൈംഗികാതിക്രമണ കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത ഇരയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളുടെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ രണ്ടാം ഘട്ട സമരമുഖം തുറക്കാന്‍ ‘സേവ് അവര്‍ സിസ്റ്റേഴ്സ്’. സ്ഥലംമാറ്റല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്താണ് ഐക്യദാര്‍ഢ്യസമിതി കണ്‍വെന്‍ഷന്‍ നടക്കുക. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച കന്യാസ്ത്രീകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

പ്രതി ബിഷപ്പ് സ്ഥാനത്ത് തുടരുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുന്നതാണ്. അതുകൊണ്ട് ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടണമെന്നും ‘സേവ് അവര്‍ സിസ്റ്റേഴ്സ്’ ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരം നടത്തുമെന്ന മുന്നറിയിപ്പുമുണ്ട്.

ജാമ്യത്തിലുള്ള ഫ്രാങ്കോയ്ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീകളെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റി ശാരീരികവും മാനസികവുമായി തളര്‍ത്തി പ്രതിക്ക് അനൂകൂലസാഹചര്യം സൃഷ്ടിക്കാനാണ് ശ്രമമെന്നും സമിതി നേതൃത്വം കുറ്റപ്പെടുത്തി. പുരോഹിതരുള്‍പ്പെട്ട ലൈംഗികപീഡന കേസുകള്‍ ഉയര്‍ത്തിയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വത്തിക്കാനില്‍ ഈ മാസം ചേരുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സംഘാടകരിലൊരാളായ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രശ്‌നത്തില്‍ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

സമരനേതാവായ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാലുപേരെയാണ് പല സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയത്. ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയും സാക്ഷികളും താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷയൊരുക്കണമെന്ന് പൊലീസ് നിര്‍ദേശം നേരത്തെ മിഷണറീസ് ഓഫ് ജീസസ് തളളിയിരുന്നു. കന്യാസ്ത്രീയ്ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും നിര്‍ദ്ദേശിച്ചിരുന്നു. കന്യാസ്ത്രീമാരുടെ കൊച്ചിയിലെ സമരത്തെ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: