ബിജെപി ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടി; 11 വര്‍ഷത്തിനിടെ വര്‍ധിച്ചത് 700 %

 

ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടി രാജ്യം ഭരിക്കുന്ന ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ 2015-2016 കാലയളവിലെ ആസ്തിവിവരം പുറത്തുവന്നപ്പോഴാണ് 894 കോടി രൂപയുമായി ബിജെപി ഒന്നാമതെത്തിയത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

സമാനകാലയളവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്തി 759 കോടി രൂപയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോണ്‍ഗഗ്രസ്. അതേസമയം, ബിജെപിക്ക് ഇതേകാലയളവില്‍ 25 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും എഡിആര്‍ കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് 329 കോടി രൂപയുടെ ബാധ്യതയാണുള്ളത്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-2005 മുതല്‍ 2015-2016 വരെയുള്ള വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി വിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് എഡിആര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് പരിഗണിച്ചിട്ടുള്ള 11 വര്‍ഷത്തില്‍ 2014-2015 വരെ ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലാണ് ബിജെപി സാമ്പത്തികമായി നില മെച്ചപ്പെടുത്തിയത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (557 കോടി രൂപ), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (432 കോടി രൂപ) എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ആസ്തി വിവരങ്ങള്‍. എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പതിനൊന്ന് വര്‍ഷത്തിനിടെ ഭാരതീയ ജനത പാര്‍ട്ടി (ബിജെപി)യുടെ ആസ്തിയില്‍ 700 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ആസ്തിയില്‍ 169 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: