ബിഗ് ബോസ് ആയി മോഹന്‍ലാല്‍ എത്തുന്നു ജൂണ്‍ 24 മുതല്‍

മോഹന്‍ലാലിന്റെ ബിഗ് ബോസ് റിയാലിറ്റി ഷോ ജൂണ്‍ 24ന് തുടങ്ങും. ഏഷ്യാനെറ്റ് ആണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. ബിഗ് ബോസ് സീസണ്‍ വണ്ണിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. ഇതാദ്യമായാണ് മലയാളത്തില്‍ ബിഗ് ബോസ് ഷോ വരുന്നത്. തമിഴില്‍ കമല്‍ ഹാസനാണ് ബിഗ് ബോസ് ഷോ നിയന്ത്രിക്കുന്നത്. ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ ബിഗ്ബോസ് ഹൗസിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. എല്ലാ ആഴ്ചകളിലും എലിമിനേഷന്‍ റൗണ്ടുകളുണ്ടാവും.

”ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം” എന്നാണ് മോഷന്‍ പോസ്റ്ററില്‍ മോഹന്‍ലാല്‍ പറയുന്നത്. അമൃത ടിവിയില്‍ ലാല്‍ സലാം എന്ന ടോക്ക് ഷോയുമായി മോഹന്‍ലാല്‍ നേരത്തെ തന്നെ ടെലിവിഷന്‍ അവതാരകന്റെ കുപ്പായമിട്ടിരുന്നു. ഹിന്ദിയിലും കന്നഡയിലും തമിഴിലും തെലുങ്കിലും മറാത്തിയിലും ബംഗാളിയിലുമെല്ലാം വലിയ വിജയമായി മാറിയ ഷോയെ മലയാളത്തില്‍ മോഹന്‍ലാല്‍ ഹിറ്റാക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ബിഗ് ബോസ് ഹൌസില്‍ 100 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ 16 സെലിബ്രിറ്റികള്‍ കഴിയും. ഇവര്‍ തമ്മിലുള്ള മത്സരത്തില്‍ ഒരാള്‍ വിജയിയായി തിരഞ്ഞെടുക്കപ്പെടും. മൂന്ന് സീസണുകളായി മൂന്ന് വര്‍ഷം ഈ ഷോയുണ്ടാകും.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍ ടി ആറും, തമിഴില്‍ കമല്‍ഹാസനും പരിപാടി അവതരിപ്പിച്ചു. മലയാളത്തില്‍ ആരൊക്കെയാണ് മത്സരാര്‍ത്ഥികളെന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്.

എ എം

Share this news

Leave a Reply

%d bloggers like this: