ബിക്കിനി എയര്‍ലൈന്‍സിന് ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നും സര്‍വീസ്

ന്യൂഡല്‍ഹി: ബിക്കിനി എയര്‍ലൈന്‍സ്’ എന്ന് അറിയപ്പെടുന്ന വിയറ്റ്നാമിന്റെ വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് ഡിസംബര്‍ ആറ് മുതല്‍ ഇന്ത്യയില്‍ സര്‍വീസ് തുടങ്ങും. വിയ്റ്റ്നാം തലസ്ഥാനമായ ഹാനോയില്‍ നിന്നും മറ്റൊരു പ്രധാനമായ ഹോ ചിമിന്‍ സിറ്റിയില്‍ നിന്നും ന്യൂഡല്‍ഹിയിലേയ്ക്കും തിരിച്ചുമാണ് വിയറ്റ് ജെറ്റ് സര്‍വീസ് നടത്തുക.

ഓഗസ്റ്റ് 22 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒമ്പത് രൂപയാണ്. വാറ്റും എയര്‍പോര്‍ട്ട് ഫീയും മറ്റ് സര്‍ ചാര്‍ജ്ജുകളും കൂടാതെയാണിത്. പ്രൊമോഷണല്‍ ഓഫര്‍ പറയുന്നത് പ്രകാരം 8000 സീറ്റുകള്‍ ബാക്കിയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിയറ്റ് ജെറ്റ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ 2020 മാര്‍ച്ച് 28 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഹോചിമിന്‍ സിറ്റിയില്‍ നിന്നുള്ള വിയറ്റ് ജെറ്റ് വിമാനങ്ങള്‍ ഇന്ത്യാ സര്‍വീസ് നടത്തുക. ഹാനോയില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റ് മൂന്ന് ദിവസങ്ങളില്‍ പുറപ്പെടും. www.vietjetair.com എന്ന വെബ് സൈറ്റിലും m.vietjetair.com എന്ന മൊബൈല്‍ ആപ്പിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഇന്ത്യയെ പ്രധാന വിപണിയായാണ് തങ്ങള്‍ കാണുന്നത് എന്ന് വിയറ്റ്ജെറ്റ് വൈസ് പ്രസിഡന്റ് എന്‍ജുയെന്‍ താന്‍ സോന്‍ പറഞ്ഞു. നിലവില്‍ പ്രതിദിനം 400 ഫ്ളൈറ്റ് സര്‍വീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്. വിയറ്റ്നാമിനകത്തും വിദേശത്തേക്കുമായി 129 റൂട്ടുകളിലാണ് വിയറ്റ് ജെറ്റ് സര്‍വീസ് നടത്തുന്നത്. ഒക്ടോബര്‍ മുതല്‍ വിയറ്റ്നാമിലേയ്ക്ക് സര്‍വീസ് തുടങ്ങുമെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന് ശേഷം കൊല്‍ക്കത്തയില്‍ നിന്ന് ഒക്ടോബര്‍ മൂന്നിന് ആദ്യ സര്‍വീസ് തുടങ്ങാനാണ് ഇന്‍ഡിഗോയുടെ പദ്ധതി.

2011ലാണ് കമ്പനി വിമാന സര്‍വീസ് തുടങ്ങിയത്. ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരിലൂടെയാണ് വിയറ്റ് ജെറ്റ് ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. എന്നാല്‍ 2018 ജനുവരിയില്‍ എയര്‍ഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചതിനെതിരെ വിയറ്റ്നാം സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനിക്ക് പിഴ ചുമത്തിയിരുന്നു. ചൈനയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിയറ്റ്നാമിന്റെ അണ്ടര്‍ 23 ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്ളൈറ്റ് അറ്റന്റന്റുമാര്‍ ബിക്കിനി ധരിച്ചെത്തിയത്

Share this news

Leave a Reply

%d bloggers like this: