ബാര്‍ കോഴ കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സിനെതിരെ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണത്തിന് ഉത്തരവിടാനോ മാത്രമേ അധികാരമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

ബാര്‍ കോഴ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. പ്രോസിക്യൂഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.  കഴിഞ്ഞ ദിവസമാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി ആദ്യവിമര്‍ശനം വന്നത്. കേസില്‍ ധനമന്ത്രി കെ.എം മാണിക്ക് എതിരെ കേസെടുക്കേണ്ടെന്ന അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ വാദം കോടതി തള്ളി. മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയെന്നും കോടതി നിരീക്ഷിച്ചു.

കെ.എം മാണിക്ക് എതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചതായി ഡയറക്ടറുടെ കത്തില്‍ വ്യക്തമാണെന്ന് കോടതി വിലയിരുത്തി. വിജിലന്‍സ് ഡയറക്ടര്‍ക്കും എസ്.പിക്കും തുല്യ അധികാരമെന്ന വാദവും കോടതി തള്ളി. അന്വേഷണത്തിന്റെ പൂര്‍ണ ചുമതല എസ്.പി സുകേശനാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനാണ്.

ശാസ്ത്രീയ തെളിവുകള്‍  ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ബാര്‍ കോഴക്കേസിലെ കോടതി പരാമര്‍ശത്തോടെ പോലീസിന്റെ വിശ്വാസ്യത തകര്‍ന്നെന്ന് ബിജു രമേശ് ആരോപിച്ചു. കുറ്റകൃത്യത്തെ വളച്ചൊടിക്കുകയാണ് പോലീസ് ചെയ്തതെന്നും ബിജു രമേശ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: