ബാര്‍നി കൊടുങ്കാറ്റ്:രാജ്യമെങ്ങും വ്യാപകനാശം, വൈദ്യുതിയില്ലാതെ 25000 വീടുകള്‍, വെതര്‍ വാണിംഗ് തുടരുന്നു

ഡബ്ലിന്‍: 125 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ബാര്‍നി കൊടുങ്കാറ്റില്‍ അയര്‍ലന്‍ഡലില്‍ വ്യാപക നാശം. പതിനായിക്കണക്കിന് വീടുകളില്‍ വൈദ്യുതബന്ധം പുനസ്ഥാപിച്ചിട്ടില്ല. ഗതാഗതം താറുമാറായിരിക്കുകയാണ്. വിമാനങ്ങള്‍ വഴി തിരിച്ചുവിടുകതയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണുകിടക്കുകയാണ്. മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. മംഗ്‌സ്റ്ററിലും ലെയ്ന്‍സ്റ്ററിലുമാണ് കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടിയത്. ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും കാറ്റ് ശക്തമായ വീശാന്‍ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് തുടുരകയാണ്.

ഇന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മെറ്റ് എയ്‌റീന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ബാര്‍നി കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ പ്രവേശിച്ചതോടെ ഒരു ഘട്ടത്തില്‍ 45,000 വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പോര്‍ട്ട്‌ലോയ്‌സ്, കില്‍കെനി, എന്നിസ്, നാസ്, അത്‌ലോണ്‍, സെല്‍ബ്രിഡ്ജ്, വിക്ലോ, നോര്‍ത്ത് വെക്‌സ്‌ഫോര്‍ഡ്, ടുലാമോര്‍, മുല്ലിന്‍ഗര്‍ എന്നിവിടങ്ങളിലാണ് കാറ്റിന്റെ വേഗത മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെ ശക്തിപ്രാപിച്ചതും നിരവധി വീടുകള്‍ ഇരുട്ടിലായതും. രാത്രി തന്നെ ESB നെറ്റ് വര്‍ക്ക് 20,000 ത്തോളം വീടുകളിലെ വൈദ്യുതി പുനസ്ഥാപിച്ചു. 25000 വീടുകളില്‍ ഇന്ന് ഉച്ചവരെ വൈദ്യുതി ഉണ്ടായിരിക്കില്ല. വൈദ്യുത ലൈനുകളില്‍ മരം വീണതിനെ തുടര്‍ന്നാണ് ഈ മേഖലകളില്‍ വൈദ്യുതി തകാരാറിലായിരിക്കുന്നത്.

ഗാര്‍ഡ ട്രാഫിക് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുനല്‍കാനായി കഴിഞ്ഞദിവസമുണ്ടായ അബിഗെല്‍ കൊടുങ്കാറ്റില്‍ വലിയ മരച്ചില്ല വാഹനത്തിലേക്ക് വീഴുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കടപുഴകി വീണുകിടക്കുന്ന മരങ്ങളും പൊട്ടിക്കിടക്കുന്ന വൈദ്യുത ലൈനുകളും ഡബ്ലിനിലെ റോഡ് ഗതാഗത് തടസപ്പെടുത്തിയിരിക്കുകയാണ്.

ഡാവ്‌സണ്‍ സ്ട്രീറ്റും ഹെര്‍ബര്‍ട്ട് പാര്‍ക്കും അടച്ചിരിക്കുകയാണ്. കില്‍കെനിയിലും മരങ്ങള്‍ വീണുകിടക്കുകയാണ്. വൈദ്യുത ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ഗ്രെസ്റ്റോണില്‍ DART സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

വെക്‌സ്‌ഫോര്‍ഡില്‍ എന്നിസ്‌കോര്‍ട്ടിയിക്ക് സമീപം ഒരു സ്‌കൂള്‍ ബസിനുമുകളിലേക്ക് മരം വീണു. അപകടം നടക്കുന്ന സമയത്ത് ഡ്രൈവര്‍ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ. ഡ്രൈവര്‍ പരിക്കേല്‍്ക്കാതെ രക്ഷപ്പെട്ടു. മരം വീണുകിടക്കുന്നതിനാല്‍ നോര്‍ത്ത് കോര്‍ക്കിലെ ഫെര്‍മോയ്-മാലോ റോഡുകള്‍ ഭാഗികമായി അടച്ചിരിക്കുകയാണ്. കാല്‍നടക്കാരും ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ അറിയിച്ചു. കാറ്റ് ശക്തികുറയുന്നതുവരെ സുരക്ഷാ മുന്നറിയിപ്പുകള്‍ തുടരും.

-എജെ-

Share this news

Leave a Reply

%d bloggers like this: