ബാഗുകളുടെ അമിത ഭാരം; സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി

കൊച്ചി: കുട്ടികള്‍ അമിത ഭാരമുള്ള ബാഗുകളും തൂക്കി സ്‌കൂളുകളില്‍ പോകുന്നതിനു എതിരെ ഹൈക്കോടതി. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്. അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കുവാന്‍ സംവിധാനം ഉണ്ടാക്കുകയോ മറ്റു ഇലക്ട്രോണിക് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. അല്ലാതെ കുട്ടികളെ കൊണ്ടു ചുമപ്പിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു.

സ്‌കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന സി.ബി.എസ്.ഇ.യുടെ സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോഴാണിത്. ഇ-ബുക്കും സ്മാര്‍ട്ട് ബോര്‍ഡും നിലവില്‍വന്ന കാലമാണിത്. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം എങ്ങനെ കുറയ്ക്കാമെന്ന് പഠിച്ച് വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനെക്കൂടി കക്ഷിയാക്കാന്‍ ഹര്‍ജിക്കാരനോടും നിര്‍ദേശിച്ചു.

കുട്ടിയുടെ ശരീരഭാരത്തെക്കാള്‍ 10 ശതമാനം ഭാരമുള്ള ബാഗ് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ചിന്റെ നിരീക്ഷണം. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യപ്രശ്നത്തിനു മുഖ്യകാരണം സ്‌കൂള്‍ ബാഗുകളുടെ അമിതഭാരമാണെന്ന പഠനറിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണ് ഹര്‍ജി. ഇക്കാര്യത്തില്‍ 2016 സെപ്റ്റംബര്‍ 12-ന് സി.ബി.എസ്.ഇ. അതിനുകീഴിലെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അത് നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

ഈ നിര്‍ദേശം സ്‌കൂളുകള്‍ പാലിക്കാത്തതെന്തെന്ന് കോടതി കേന്ദ്രത്തോടും സി.ബി.എസ്.ഇ.യോടും ആരാഞ്ഞു. സാമ്പത്തികപ്രശ്നമാണ് കാരണമായി സ്‌കൂളുകള്‍ ഉന്നയിക്കുന്നതെന്നായിരുന്നു മറുപടി. കുട്ടികളില്‍നിന്ന് സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നില്ലേ എന്ന് കോടതി ചോദിച്ചു. എന്നാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും തങ്ങള്‍ ഒരു ഭരണ നിര്‍വ്വഹണ സ്ഥാപനം മാത്രമാണെന്നുമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: