‘ബാക്ക് ടു സ്‌കൂള്‍’ സര്‍ക്കാര്‍ ആനുകൂല്യം വൈകുന്നു; ആശങ്കകള്‍ പങ്ക് വെച്ച് അയര്‍ലന്റിലെ രക്ഷിതാക്കള്‍

ഡബ്ലിന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിനും ചെരിപ്പിനുമായി നല്‍കുന്ന ആനുകൂല്യമായ ബാക്ക് ടു സ്‌കൂള്‍ ക്ലോത്തിങ് ആന്‍ഡ് ഫുട്‌വെയര്‍ അലവന്‍സ് (BSCFA) ഇതുവരെ ലഭ്യമാകാത്തതില്‍ ആശങ്കയുണ്ടെന്ന് അയര്‍ലന്റിലെ മാതാപിതാക്കള്‍. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കോ, സംരക്ഷിച്ച് കൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കോ ആണ് ഈ അലവന്‍സ് ലഭിക്കുക. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഗ്രാന്റിനായി അപേക്ഷിച്ചിരുന്നെങ്കിലും കാര്യങ്ങളുടെ മെല്ലെപോക്ക് മാതാപിതാക്കളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്‌കൂളുകള്‍ തുറക്കുമെന്നിരിക്കെ ഗ്രാന്റുകള്‍ക്കായി അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നവരെ മടുപ്പിക്കുന്നതില്‍ ക്ഷമ ചോദിച്ച് സാമൂഹിക ക്ഷേമവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

ജൂലൈ ആദ്യവാരം ലഭിച്ച അപേക്ഷകളാണ് ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതെന്ന് സാമൂഹിക ക്ഷേമ വകുപ്പ് വക്താവ് പ്രസ്താവിച്ചു. ഏകദേശം 36,000 അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും, ജൂലൈ മാസത്തില്‍ ലഭിച്ചതാണ്. (28,000). അപേക്ഷകള്‍ കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ആനുകൂല്യത്തിന് അര്‍ഹത നേടുന്നവര്‍ക്ക് അടുത്ത അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ അത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആനുകൂല്യത്തിന് പകരം ട്രെയ്‌നിങ് പരിപാടിയില്‍ പങ്കാളിയാക്കുകയോ തൊഴില്‍, മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസ സ്‌കീമുകളില്‍ പങ്കാളിയാക്കുകയോ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് നാലിനും പതിനേഴിനും വയസിനുള്ളിലായിക്കണം പ്രായം. അപേക്ഷിക്കുന്ന വര്‍ഷത്തെ സെപ്തംബര്‍ മുപ്പതിനുള്ളലാണ് പ്രായപരിധി കണക്കാക്കുന്നത്. സെക്കന്‍ഡറി ലെവലിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സെപ്തംബറിന് മുമ്പ് പ്രായപരിധി 18-22 ഇടയിലായിരിക്കണം. 2017ല്‍ അലവന്‍സ് ലഭിച്ചവര്‍ക്ക് സ്വാഭാവികമായി തന്നെ ഈ വര്‍ഷവും അവരുടെ രേഖകള്‍ പ്രകാരം ആനുകൂല്യം ലഭിക്കും.

സ്വാഭാവികമായി തുക ലഭിക്കുന്നില്ലെങ്കില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ സാമൂഹ്യ സുരക്ഷാ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപേക്ഷ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ നല്‍കുകയുംചെയ്യും. അപേക്ഷയിലുള്ള തീരുമാനം, എവിടെ നിന്നാണ് ആനുകൂല്യ തുക ലഭിക്കുക, എപ്പോള്‍ ഏത് രീതിയില്‍ ആനുകൂല്യം ലഭിക്കും എന്നിവയെല്ലാം കത്തിലൂടെ വ്യക്തമാകും. അലവന്‍സ് നിഷേധിച്ചിട്ടുണ്ടെങ്കില്‍ ഏത് രീതിയിലാണ് തീരുമാനം പുനപരിശോധിക്കുന്നതിന് അപേക്ഷിക്കേണ്ടതെന്നും വ്യക്തമാക്കിയിരിക്കും. ഫാമിലി ഇന്‍കം സപ്ലിമെന്റ്, ബാക്ക് ടു വര്‍ക്ക് ഫാമിലി ഡിവിഡെന്റ്, ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് പേയ്‌മെന്റ്, എംപ്ലോയ്‌മെന്റ് സ്‌കീം, ജോബ് ബ്രിഡ്ജ്, എല്‍ഇഎസ് ട്രെയ്‌നിങ് സ്‌കീം, എന്നിവയിലേതെങ്കിലും പദ്ധതിയില്‍ ഭാഗമാകുകയും നിങ്ങളുടെ കുട്ടികള്‍ 4-17 ഇടയില്‍ പ്രായമുള്ളവരോ 18-22 വയസിനിടയിലുള്ള സെക്കന്‍ഡ് ലെവല്‍ പൂര്‍ണസമയ വിദ്യാര്‍ത്ഥിയോ ആണെങ്കില്‍ Back to School Clothing and Footwear Allowance ന് അര്‍ഹതയുണ്ട്. നിശ്ചിത തുകയായിരിക്കും ആനുകൂല്യമായി ലഭിക്കുക. മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ BTSCFA തുടര്‍ന്നും അനൂകൂല്യം ലഭിക്കും.

ഈ വര്‍ഷം ഗവണ്‍മെന്റ് 49.5 മില്ല്യണ്‍ യൂറോയാണ് ഈ പദ്ധതിക്കായി ചിലവിടുന്നത്. ഇത് ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 3 വരെ പരിഗണിക്കുന്ന അപേക്ഷകള്‍ക്കാണ്. നാലു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 125 യൂറോയും 12 വയസും അതിനുമുകളിലുള്ളവര്‍ക്ക് 250 യൂറോയുമാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുക. മുന്‍ വര്‍ഷങ്ങളിലെ പോലെ BSCFA അനുകൂല്യത്തിന്റെ 104,000 കുടുംബങ്ങളില്‍ നിന്നുള്ള 190,000 കുട്ടികള്‍ക്കായി ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ആനുകൂല്യം ലഭ്യമാക്കുമെന്നും ഇതിനായി പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും വക്താവ് പറഞ്ഞു. തുടര്‍ച്ചയായി അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്ന 33.45 മില്യണ്‍ യൂറോയുടെ ധനസഹായം ജൂലൈ ഒന്‍പതിനകം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതുതായി അലവന്‍സ് ആവശ്യമുള്ള കുടുംബങ്ങള്‍ സാമൂഹികക്ഷേമ വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സെപ്റ്റംബര്‍ 30 വരെയുള്ള അപേക്ഷകള്‍ പരിഗണിക്കപ്പെടുന്നതാണ്.

വരുമാന പരിധിയില്‍ കൂടുതലാണ് ദമ്പതികളുടെ വേതനമെങ്കില്‍ ആനുകൂല്യം ലഭിക്കില്ല. മൊത്തവരുമാനം നിശ്ചയിക്കപ്പെട്ട പരിധിയിലും താഴെയാണെങ്കില്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. അയര്‍ലണ്ടില്‍ റസിഡന്റല്ലാത്ത കുട്ടിക്ക് ആനുകൂല്യം ലഭിക്കില്ല. വളര്‍ത്ത് കുട്ടികളുള്ളവര്‍ക്ക് BTSCFA ലഭ്യമായിരിക്കില്ല. ഇവര്‍ക്ക് നല്‍കുന്ന സാമ്പത്തിക ആനുകൂല്യത്തില്‍ കുട്ടികളുടെ യൂണിഫോമിനുള്ള അവലന്‍സ് കൂടി ഉള്‍പ്പെടുന്നത് മൂലമാണിത്. ഏതെങ്കിലും സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റിന് അപേക്ഷിച്ചിരിക്കുകയും ഇക്കാര്യത്തില്‍ തീരുമാനമാകാതിരിക്കുകയുമാണെങ്കില്‍ BTSCFAന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അലവന്‍സ് അനുവദിക്കുക നേരത്തെ അപേക്ഷിച്ച സാമൂഹ്യ ആനുകൂല്യത്തില്‍ തീരുമാനമുണ്ടാകുമ്പോള്‍ മാത്രമായിരിക്കും. വരുമാന പരിധി ബാധകമാണ്. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അടക്കമുള്ള തുക കൂട്ടിയാണ് വരുമാനം കണക്കാക്കുന്നത്. നികുതി അടക്കുന്നതിന് മുമ്പുള്ളതും എന്നാല്‍ പിആര്‍എസ്‌ഐയും ട്രാവല്‍ അലവന്‍സും കിഴിച്ചായിരിക്കും മൊത്തവരുമാനം കണക്കാക്കു. വേതനം നിക്ഷേപം തുടങ്ങിയവയും മൊത്തവരുമാനത്തില്‍ ഉള്‍പ്പെടുത്തും. Department of Employment Affairs and Social Protection College Road Sligo F91 T384 Tel:(071) 919 3318 എന്ന വിലാസത്തിലാണ് അപേക്ഷയും രേഖകളും ഹാജരാക്കേണ്ടത്. അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ 21 ദിവസത്തിനുള്ളില്‍ തീരുമാനം പുനപരിശോധിക്കുന്നതിന് നടപടി സ്വീകരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: