ബഹിരാകാശ യാത്രികരുടെ ഡിഎന്‍എയില്‍ മാറ്റംവരുന്നെന്ന് കണ്ടെത്തല്‍

വാഷിങ്ടണ്‍: ബഹിരാകാശത്തെ ദീര്‍ഘകാല വാസം യാത്രികന്റെ രൂപത്തില്‍ മാത്രമല്ല ജീനുകളില്‍ വരെ മാറ്റം വരുത്തുന്നുവെന്ന് കണ്ടെത്തല്‍. നാസയില്‍ നടന്ന ഇരട്ടകളെ കുറിച്ചുള്ള പ്രാഥമിക പഠന ഫലങ്ങള്‍ ബഹിരാകാശ യാത്രികരുടെ ജീനുകളില്‍ മാറ്റം വരുന്നുവെന്ന നിഗമനങ്ങളിലാണ് എത്തിക്കുന്നത്.

ഒരു വര്‍ഷക്കാലം ബഹിരാകാശത്ത് വസിച്ച ബഹിരാകാശ യാത്രികനായ സ്‌കോട്ട് കെല്ലിയുടെ ജീനും ഭൂമിയില്‍ തന്നെ കഴിഞ്ഞു കൂടിയ ഇരട്ട സഹോദരന്‍ മാര്‍ക്കിന്റെ ജീനുകളും പഠനവിധേയമാക്കിയാണ് ഇത്തരമൊരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. ഒരേ ജീന്‍ഘടന വെച്ചു പുലര്‍ത്തിയ ഇരട്ടകളുടെ ജീനുകള്‍ ഇനി സമാനമല്ല എന്നാണ് നാസ പറയുന്നത്. സ്‌കോട്ട് കെല്ലിയുടെ 7% ജീനുകള്‍ യാത്രയ്ക്കു ശേഷം പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നിട്ടില്ലെന്ന് ആദ്യഘട്ട പഠനത്തില്‍ വ്യക്തമാവുന്നു.

നാസയില്‍ നിന്ന് വിരമിച്ച സ്‌കോട്ട് കെല്ലിയെ കുറിച്ചുള്ള പഠനങ്ങളുടെ ആദ്യ ഫലങ്ങള്‍ നാസയുടെ 2018ലെ ശില്‍പശാലയിലാണ് പുറത്തു വിട്ടത്. സ്‌കോട്ടിന്റെ മെറ്റാബോളൈറ്റ്‌സും പ്രതിരോധ സംവിധാനം പുറപ്പെടുവിക്കുന്ന സൈറ്റോകൈന്‍ എന്ന സ്രവവും ചില പ്രത്യേക പ്രോട്ടീനുകളും പഠനവിധേയമാക്കിയാണ് നിഗമനങ്ങളില്‍ എത്തിയത്.

ബഹിരാകാശത്തെ ഓക്സിജന്‍ ലഭ്യതയിലെ കുറവു മൂലമുണ്ടായ മാനസിക പിരിമുറുക്കവും, പോഷകങ്ങളിലെ വ്യതിയാനവും ആണ് ജീനുകളില്‍ മാറ്റം വരുത്തിയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.സ്‌കോട്ടിന്റെ 93% ജീനുകളും ബഹിരാകാശ യാത്രയ്ക്കു ശേഷം പഴയ അവസ്ഥയിലേക്ക് എത്തിയെങ്കിലും 7% പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാതെ മാറ്റത്തിന് വിധേയമായെന്ന് പഠനം പറയുന്നു. ശരീര കോശങ്ങള്‍ക്ക് മതിയായ അളവില്‍ ഓക്സിജന്‍ ലഭ്യമാകാത്തത് മൈറ്റോകോണ്‍ട്രിയയുടെ ചെറിയ രീതിയിലുള്ള നാശത്തിലേക്ക് നയിച്ചെന്നും പഠനത്തില്‍ പറയുന്നു

ഡികെ

Share this news

Leave a Reply

%d bloggers like this: