ബസ് ഓടിച്ച് പുതിയ റോഡ് ഉത്ഘാടനം ചെയ്ത് താരമായി പിസി ജോര്‍ജ്ജ്

രാഷ്ട്രീയത്തിലെ ഒറ്റയാനായി വിലസുന്ന പി.സി ജോര്‍ജ് എന്ന പൂഞ്ഞാര്‍ ജോര്‍ജിന് മണ്ഡലത്തില്‍ എപ്പോഴും കൈയടിയാണ്. വിവാദം ഒരു വശത്തു നടക്കുമെങ്കിലും മണ്ഡലത്തിലെ വികസന കാര്യങ്ങളിലും പ്രശ്ങ്ങളിലും സജീവമായ ഇടപെടലാണ് പിസി നടത്തുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ ആരോടായാലും വെട്ടിത്തുറന്ന് പറയുമെങ്കിലും പി.സി പൂഞ്ഞാറുകാര്‍ക്ക് എന്നും പ്രിയപ്പെട്ട നേതാവാണ്. അതിന്റെ ആത്മവിശ്വാസം എപ്പോഴും പി.സി ജോര്‍ജിന്റെ വാക്കുകളിലുമുണ്ടാവും. എന്ത് കൊണ്ട് പി.സി ജോര്‍ജ് പൂഞ്ഞാറുകാര്‍ക്കിടയില്‍ ഇത്രത്തോളം സ്വീകാര്യനായി എന്നതിന്റെ ഉത്തരം തരുന്നതായിരുന്നു കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഒരു റോഡ് ഉദ്ഘാടനം.

കാടിന് നടുവിലൂടെ കടന്ന് പോവുന്ന അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ദുര്‍ഘടമായ ഒരു ചെറിയ റോഡിന്റെ പണിയാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് നിര്‍മാണം നടത്തി ഉദ്ഘാടനം ചെയ്തത്. കാടിന് നടുക്ക് കൂടെയുള്ള ചെറിയ വഴിയായിരുന്നു അത്, ടാറിങ്ങില്ലാതെ തകര്‍ന്ന് കിടന്ന വഴി. ഇത് നന്നാക്കി കിട്ടാന്‍ ഏരുമേലി എട്ടാം വാര്‍ഡിലെ ഒരു കൂട്ടം ആളുകള്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടതോടെയാണ് തുടക്കം.

കാടിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്നായിരുന്നു ആദ്യം വനം വകുപ്പ് അധികൃതരുടെ വാശി. അതോടെ പിസിയുടെ വിധം മാറി. ഏത് ഉദ്യോഗസ്ഥനായാലും പണി തടസ്സപ്പെടുത്തുന്നവന്റെ കാല് തല്ലി ഓടിക്കുമെന്ന് പറയുകയും പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു.

എളുപ്പ മാര്‍ഗമായതിനാല്‍ സ്‌കൂള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം വന്യജീവികളെ ഭയന്നാണെങ്കിലും ചെറുവണ്ടികളിലോ കാല്‍നടയായോ ഈ ദുര്‍ഘട വഴിയില്‍ കൂടി യാത്ര ചെയ്യുമായിരുന്നു. ഈ റോഡാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് വീതികൂട്ടി നന്നാക്കി കൊടുത്തത്. ബോണസായി ഒരു ബസും നല്‍കി. ഉദ്ഘാടനത്തിന് ഡ്രൈവറായി തന്നെ പി.സി ജോര്‍ജ് എത്തുകയും ചെയ്തു. യാത്രക്കാരുമായി ബസ് ഓടിക്കുന്ന പി.സിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: