ബരാക് ഒബാമ കെനിയയിലെത്തി..സുരക്ഷ അതിശക്തം

നെയ്‌റോബി:യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ തന്റെ പൂര്‍വികരുടെ മാതൃരാജ്യമായ കെനിയയിലെത്തി. ഒബാമയെ ആവേശപൂര്‍വം സ്വീകരിച്ച കെനിയ, അദ്ദേഹത്തിന് അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എത്യോപിയയിലും കെനിയയിലുമായുള്ള കിഴക്കന്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയില്‍ ഇന്നലെയെത്തിയ ഒബാമ വ്യാപാരം, നിക്ഷേപം, സുരക്ഷ, ഭീകരവിരുദ്ധനീക്കം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.

സംരംഭകത്വ ഉച്ചകോടിയിലും പ്രസംഗിക്കും. ഇന്നു വൈകിട്ടാണു മടക്കം. കെനിയ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. യു.എസ്. പ്രസിഡന്റായ ശേഷം പിതാവിന്റെ ജന്മനാട്ടില്‍ ഒബാമ എത്തുന്നതും ഇതാദ്യം. സൊമാലിയ ബന്ധമുള്ള അല്‍ക്വയ്ദ ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കെനിയ ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കെനിയന്‍ മണ്ണില്‍ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള സൊമാലിയയിലെ ഷെഹാബ് ഭീകരരുടെ സാന്നിധ്യമാണ് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. തലസ്ഥാനമായ നെയ്‌റോബിയും ഇവിടുത്തെ വ്യോമമേഖലയും പൂര്‍ണമായി അടച്ചു. 10,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നെയ്‌റോബിയില്‍ വിന്യസിച്ചിരിക്കുന്നത്. രാജ്യത്തെ പോലീസ് സേനയുടെ നാലിലൊന്നു വരുമിത്. നൂറുകണക്കിനു അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കെനിയയില്‍ എത്തിയിരുന്നു.
ഒബാമ വരുന്നതിന്റെ ആഘോഷത്തിലാണ് ആഴ്ചകളായി കെനിയ. ആവേശത്തോടെയാണ് ഈ ദിവസത്തിനായി തങ്ങള്‍ കാത്തിരുന്നതെന്ന് കെനിയന്‍ പ്രസിഡന്റ് യുറു കെനിയാറ്റ പറഞ്ഞു. ‘ആഫ്രിക്കന്‍ ഹബ്’ ആയി രാജ്യം ഉയര്‍ത്തപ്പെടാന്‍ ഒബാമയുടെ സന്ദര്‍ശം ഉപകരിക്കുമെന്നാണ് കെനിയയുടെ പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: