ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട പോളിങ് ആരംഭിച്ചു

ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ പോളിങ് ആരംഭിച്ചു. ജൂണ്‍ 18ന് ആണ് രണ്ടാം ഘട്ടം. പ്രസിഡന്റിന്റെ അധികാരപരിധി നിശ്ചയിക്കുന്നതായിരിക്കും ഫലം എന്നതിനാല്‍ മക്രോണിന് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എന്‍ മാര്‍ഷെ പാര്‍ട്ടിക്ക് അനുകൂലമാണ് സര്‍വേ ഫലങ്ങള്‍ എന്നത് മക്രോണിന് ആത്മവിശ്വാസം നല്‍കുന്നു. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഫ്രാന്‍സ് വീണ്ടും പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്.

രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങളെ ജനങ്ങള്‍ക്ക് നിശ്ചയിക്കാം. നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചാലേ മാക്രോണിന് സുഗമമായി തന്റെ പദ്ധതികള്‍ നടപ്പാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം പരിമിതമായിരിക്കും.

577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 വോട്ടുകള്‍ വേണം. രൂപീകൃതമായി ചുരുങ്ങിയ കാലമേ ആയുള്ളൂവെങ്കിലും 380 മുതല്‍ 415 സീറ്റുകള്‍ വരെ എന്‍മാര്‍ഷെ പാര്‍ട്ടി നേടുമെന്നാണ് സര്‍വേ പ്രവചനങ്ങള്‍. മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോങിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മക്രോണിന്റെ ജനപിന്തുണ വെളിവാക്കുന്നതായിരുന്നു കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ 39കാരന്‍ പ്രസിഡന്റായത്.

ആ ആത്മവിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹവും എന്‍മാര്‍ഷെ പാര്‍ട്ടിയും. രാഷ്ട്രീയ നിരീക്ഷകരും മക്രാണിന് അനുകൂലമായ സാഹചര്യമാണ് ഫ്രാന്‍സിലുള്ളതെന്ന് വിലയിരുത്തുന്നു. യൂറോപ്പിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്നതില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രധാനമാണ്. എതിരാളിയായിരുന്ന മെറിന്‍ ലെ പെന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി, യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന പക്ഷക്കാരനാണ് മാക്രോണ്‍.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: