ഫ്രാന്‍സ് കത്തുന്നു; അടിയന്തരാവസ്ഥ ആലോചിച്ച് സര്‍ക്കാര്‍

പാരീസ്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിനാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസ് സാക്ഷിയാകുന്നത്. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമാസക്തമായത്. അതേസമയം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവക്സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യ പാരീസിലാണ് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മഞ്ഞ ഉടുപ്പ് ധരിച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു. വാഹനങ്ങള്‍ക്കും നിരവധി കെട്ടിടങ്ങള്‍ക്കുമെല്ലാം തീവച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവിതച്ചെലവും ഇന്ധനവിലവര്‍ധനവും മൂലം നവംബര്‍ 17 മുതലാണ് വിവിധ ഇടങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്. ആദ്യം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് തെരുവിലേക്ക് പടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സമാധാനപരമായി നടന്ന് വന്നിരുന്ന സമരത്തിന്റെ സ്വഭാവം മാറിയത്.

സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ കഴിഞ്ഞ ദിവസം പാരീസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓരോ ദിവസവും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് പങ്കാളികളാവുകയായിരുന്നു. പാരീസ് നഗരത്തെ പ്രക്ഷുദ്ധമായ കലാപത്തില്‍ നിരവധി കാറുകള്‍ക്ക് കലാപകാരികള്‍ തീവച്ചു. കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ത്തു, കടകള്‍ കൊള്ളയടിക്കപ്പെട്ടു, ഫ്രാന്‍സിന്റെ അഭിമാനമായ വിപ്ലവകാരികളുടെ ഓര്‍മ്മസ്തൂപം ആര്‍ക് ഡെ ത്രിയൊംഫ് മതിലില്‍ കുത്തിവരച്ചു.

മഞ്ഞ നിറത്തിലെ ജാക്കറ്റ് ധരിച്ചവരാണ് കലാപകാരികള്‍. ഇവര്‍ക്ക് കൃത്യമായി ഏതെങ്കിലും നേതൃത്വമില്ല. തീവ്ര ഇടത് സംഘടനകളും വലത് സംഘടനകളും പ്രക്ഷോഭത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നത്. ഉയര്‍ന്ന ജീവിതച്ചെലവുകള്‍ക്കും ഇന്ധനവിലയ്ക്കും എതിരെ സമാധാനപരമായ പ്രതിഷേധങ്ങളും ഫ്രാന്‍സില്‍ നടക്കുന്നുണ്ട്. മുന്‍പ് യൂറോപ്പിലെ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നിവിടങ്ങളിലും യെല്ലോ ജാക്കറ്റ് പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫ്രാന്‍സിലും പ്രതിഷേധം എത്തുന്നത്. ആയിരക്കണക്കിന് പോലീസുകാരാണ് പ്രതിഷേധത്തെ നേരിടാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ശനിയാഴ്ച്ചയായിരുന്നു പ്രക്ഷോഭത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. അര്‍ക് ഡെ ത്രിയോംഫ് സമീപത്ത് നിന്ന് രാവിലെ ആരംഭിച്ച പ്രതിഷേധം വൈകീട്ട് വരെ നീണ്ടൂ. 20 പോലീസുകാര്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് പരിക്കേറ്റു. 224 പേരാണ് അറസ്റ്റിലുള്ളത്. പാരീസ് നഗരത്തിലെ 20 മെട്രോ സ്റ്റേഷനുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. രാജ്യത്ത് മൊത്തമായി 75000 പ്രക്ഷോഭകര്‍ ആണ് പ്രതിഷേധിക്കുന്നത് എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 5500 പേരാണ് പാരീസ് നഗരത്തില്‍ പ്രക്ഷോഭകര്‍. നവംബര്‍ 17ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ രണ്ട് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയത്തിനെതിരെ അമര്‍ഷം പുകയുന്നതിനിടെയാണ് ഇന്ധനവിലയും കുത്തനെ കൂട്ടിയത്. ഡീസലിന് 7.6 സെന്റും പെട്രോളിന് 3.9 സെന്റുമാണ് വര്‍ധിപ്പിച്ചത്. അടുത്ത ജനുവരിയില്‍ വീണ്ടും ഡീസല്‍ വില 6.5 സെന്റും പെട്രോള്‍ വില 2.9 സെന്റുമായും വര്‍ധിപ്പിക്കുമെന്ന് മാക്രോണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ക്ഷുഭിതരായ ജനക്കൂട്ടം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. സമ്പന്നരുടെ പ്രസിഡന്റാണ് മാക്രോണെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തി. നവംബര്‍ 18 ന് ഞായറാഴ്ച മാത്രം രണ്ടായിരം ഇടങ്ങളിലാണ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. മൂന്നുലക്ഷത്തോളം പേര്‍ ഇതില്‍ പങ്കാളികളായി. ഇന്ധനവില വര്‍ധിപ്പിച്ചത് മാക്രോണിന്റെ ജനസമ്മതിയിലും വന്‍ ഇടിവ് വരുത്തി.

ഫ്രാന്‍സില്‍ മാത്രമല്ല, യൂറോപ്പിലെങ്ങും ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം പടരുകയാണ്. ഫ്രാന്‍സിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയത്തില്‍ വന്‍ തൊഴിലാളി റാലി നടന്നു. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ബള്‍ഗേറിയയിലും സെര്‍ബിയയിലും ജനങ്ങള്‍ സമരത്തിലാണ്. ബുക്കാറസ്റ്റ് മെട്രോയിലും സമരം നടന്നുവരികയാണ്. യുറോപ്പിലെങ്ങും പടരുന്ന സമരങ്ങളുടെ അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്നത് യുവജനങ്ങളും വിദ്യാര്‍ഥികളുമാണ്. യൂറോപ്പിലെ 50 ശതമാനം യുവാക്കളും ഫ്രാന്‍സിലെ നാലില്‍ മൂന്ന് ശതമാനം യുവാക്കളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരക്കാന്‍ സന്നദ്ധരാണെന്ന് യുറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരസജ്ജരായ ഈ യുവജനങ്ങളെ നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിട്ട് സാര്‍വത്രിക സൈനിക സേവനം നിര്‍ബന്ധമാക്കുന്ന ബില്‍ പൊടിതട്ടിയെടുത്തിരിക്കുകയാണിപ്പോള്‍ ഇമ്മാനുവല്‍ മാക്രോണ്‍. 15 ദിവസം മുതല്‍ മൂന്ന് മാസംവരെ സൈനികസേവനം യുവജനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്നതാണ് ഈ ബില്‍.

1997 ല്‍ ഫ്രാന്‍സ് ഉപേക്ഷിച്ചതാണ് നിര്‍ബന്ധിത സൈനികസേവനം. എന്നാല്‍, യുവജനങ്ങളില്‍ ഭരണവിരുദ്ധവികാരം ആളിപ്പടരുമ്പോള്‍ അത് കെടുത്താന്‍ മാക്രോണിനുമുമ്പില്‍ മറ്റ് വഴികളില്ല. വിദ്യാഭ്യാസം ചെലവേറിയതും തൊഴിലവസരങ്ങള്‍ കുറയുന്നതുമാണ് യുവജനങ്ങളെ അസ്വസ്ഥമാക്കുന്നത്. സൈനികസേവനംവഴി യുവാക്കളെ അച്ചടക്കമുള്ളവരാക്കി മാറ്റാന്‍ കഴിയുമെന്നാണ് മാക്രോണിന്റെ പ്രതീക്ഷ. എന്നാല്‍, വിപ്ലവങ്ങളുടെ നാടായ ഫ്രാന്‍സില്‍ മാക്രോണിന്റെ പൊടിക്കൈകള്‍ ഫലിക്കാനുള്ള സാധ്യത വിരളമാണ്.

Share this news

Leave a Reply

%d bloggers like this: